
പോത്തൻകോട്: വട്ടപ്പാറയ്ക്ക് സമീപം മണ്ണന്തല മരുതൂരിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 15ഓളം യാത്രക്കാർക്ക് പരിക്കേറ്റു.പലരുടെയും നില ഗുരുതരമാണ്.ഇന്നലെ രാവിലെ 5.45നായിരുന്നു സംഭവം.കാട്ടാക്കടയിൽ നിന്ന് മൂഴിയാറിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
എം.സി റോഡിൽ സ്ഥിരം അപകടമേഖലയായ മരുതൂർ പാലത്തിലായിരുന്നു സംഭവം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് അരമണിക്കൂറോളം പരിശ്രമിച്ചാണ് വാഹനം വെട്ടിപ്പൊളിച്ച് ഇരുവരെയും പുറത്തെടുത്തത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
കെ.എസ്.ആർ.ടി.സി ബസിലെ ഡ്രെെവർ പി.എം.ഷാജി (43),കണ്ടക്ടർ വിഷ്ണു (37),ചരക്ക് ലോറി ഡ്രൈവർ ഷാജഹാൻ (34),ബസിലെ യാത്രക്കാരായ വി.എൻ.ജിജുരാജ് (41),സോന (27),മഹിമ (20),കെ.അശോക് കുമാർ (41),മോഹനൻ (46),ജോൺ മാത്യു (54),രാധാകൃഷ്ണൻ (54),സ്മിത (44),ബിജുകുമാർ (50),റീന (50),സുരേഷ് (56),എസ്.ആർ.അശ്വിൻ (28) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.