തിരുവനന്തപുരം : പ്രതിസന്ധികളിൽ തളരാത്ത ജീവിതമായിരുന്നു ഇന്നലെ അന്തരിച്ച ചാന്നാങ്കര എം.പി.കുഞ്ഞിന്റേത്. ജീവിതം വഴിമുട്ടിയഘട്ടത്തിൽ സ്വന്തമായി വഴിവെട്ടി മുന്നേറി. ചിട്ടിപൊളിഞ്ഞതും പിതാവിന്റെ മരണവും ജീവിതത്തിൽ ചോദ്യചിഹ്നമായപ്പോൾ പതറാതെ പിടിച്ചുനിന്ന ചാന്നാങ്കര കുഞ്ഞ് പിന്നീട് തന്റേതായ ഇടം കണ്ടെത്തി. മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനുമായി. രക്ഷപ്പെടാൻ ബാംഗ്ലൂരിലേക്കുള്ള ഒളിച്ചോട്ടമാണ് ജീവിതത്തിൽ വഴിത്തിരിവായത്. 1947 മേയ് 26ന് ചാന്നാങ്കരയിൽ ഒ.മുഹമ്മദ് കണ്ണ് ലബ്ബയുടെയും അസ്മാ ബീവിയുടെയും മകനായി ജനിച്ചു. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ഒന്നാം വർഷ പൂർത്തീകരണത്തോടെ അക്കാഡമിക് പഠനം അവസാനിച്ചു. പിതാവിന്റെ മരണത്തോടെ നാട്ടിലുണ്ടായിരുന്ന ചിട്ടി നടത്തിപ്പ് പൊട്ടി. രക്ഷപ്പെടാൻ ബാംഗ്ലൂരിലേക്ക് ഒളിച്ചോടി. ബാംഗ്ലൂർ റസിഡൻസി റോഡിലെ ഇമ്പിരിയൽ ഹോട്ടലിലെ ബിൽ എഴുത്തുകാരനായി. ഹോട്ടൽ ഉടമ റംസാൻ ഹാജിക്ക് കുഞ്ഞിനോട് തോന്നിയ പ്രത്യേക താത്പര്യം കൈത്താങ്ങായി. കുഞ്ഞിന്റെ ത്യാഗം എന്ന നാടകത്തിന്റെ കൈയെഴുത്ത് പ്രതി റംസാൻ ഹാജി കണ്ടു.റംസാൻ ഹാജിയുടെയും ബാംഗ്ലൂർ മലയാളി സമാജം പ്രസിഡന്റ് ഗോപാലപിള്ളയുടെയും പ്രോത്സാഹനത്തിൽ ബാംഗ്ലൂർ മലയാളി സമാജത്തിൽ ത്യാഗം നാടകം അവതരിപ്പിച്ചു. ഇതോടെ ബാംഗ്ലൂർ മലയാളികൾക്കിടയിൽ എം.പി.കുഞ്ഞ് അറിയപ്പെട്ടു. ഇതിനിടെ മലയാള ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിൽ സിനിമാലേഖകനായി.ഷൂട്ടിംഗ് റിപ്പോർട്ടുകൾ എഴുതി. സബ്സിഡി ഉണ്ടായിരുന്നതിനാൽ അക്കാലത്ത് മലയാള ചിത്രങ്ങളിൽ ഏറെയും ബാംഗ്ലൂരിലായിരുന്നു ഷൂട്ട് ചെയ്തത്. ബി.വി.കാരന്ത്, നാഗേശ്വര റാവു, എസ്.ആർ.പുട്ടണ്ണ കണങ്കൽ, വിഷ്ണു വർദ്ധൻ, അഞ്ജലി ദേവി തുടങ്ങിയ പ്രശസ്ത താരങ്ങളുമായി നടത്തിയ അഭിമുഖങ്ങൾ കുഞ്ഞിനെയും ശ്രദ്ധേയനാക്കി. പ്രേംനസീർ ഉൾപ്പെടെയുള്ള മലയാള താരങ്ങളുമായുള്ള അടുപ്പം ഒരു ഫിലിം ഡിസ്ട്രിബൂട്ടറാക്കി. ഇതിനിടെ ഉമ്മയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞതോടെ ബാംഗ്ലൂർ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തി.

കേരള സഹൃദയവേദിയിലൂടെ നിറസാന്നിദ്ധ്യമായി

1978ൽ വിവാഹത്തോടെ എയർ ട്രാവൽ ഏജന്റായി മാറി. അതേവർഷം ആരംഭിച്ച കേരള സഹൃദയവേദിയെന്ന സാംസ്‌കാരിക സംഘടനയിലൂടെ കേരളത്തിന്റെ സാംസ്കാരിക രംഗത്തും എം.പി.കുഞ്ഞ് സജീവമായി. 2024ഏപ്രിലിൽ നടത്തിയ റംസാൻ റിലീഫ് പ്രവർത്തനങ്ങളുൾപ്പെടെ 680സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു.മിടുക്കരായ വിദ്യാർത്ഥികളെ അനുമോദിക്കൽ, വിവിധ മേഖലകളിലെ പ്രതിഭകള ആദരിക്കൽ,നിർധന യുവതികളുടെ വിവാഹം, ഭവന നിർമാണ സഹായം എന്നിവയെല്ലാം സ്‌പോൺസർമാരിലൂടെ നടത്തി.