തിരുവനന്തപുരം: നഗരസഭ മുട്ടത്തറ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ഒമ്നി പ്രോസസർ നിർമ്മാണോദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ടോയ്‌ലെറ്റ് മാലിന്യം സംസ്‌കരിച്ച ശേഷമുള്ള ഖരമാലിന്യം പുനഃരുപയോഗിച്ചുകൊണ്ട് അതിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നതാണ് ഒമ്നി പ്രൊസസർ. 36 കോടി രൂപയാണ് നിർമ്മാണച്ചെലവ്.
കേരളത്തിലെ ഏറ്റവും വലിയ ദ്രവശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റാണ് മുട്ടത്തറയിലേത്.പ്രതിദിനം 10.7 കോടി ലിറ്റർ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷിയുണ്ട്.
ഒമ്നി പ്രോസസർ പ്രവർത്തന സജ്ജമാകുന്നതോടെ മുട്ടത്തറയിലെ പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ മുഴുവൻ വൈദ്യുതിയും ലഭിക്കും. കൂടാതെ, അവശേഷിക്കുന്ന ഖരമാലിന്യവും പൂർണമായി ഇല്ലാതാവും. മാലിന്യസംസ്‌കരണ രംഗത്ത് കേരളം കൈവരിക്കുന്ന കുതിപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. അടുത്ത മാർച്ചിനുള്ളിൽ നിർമ്മാണം പൂർത്തിയായി യൂണിറ്റിന് പ്രവർത്തനം ആരംഭിക്കാനാവുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പദ്ധതിച്ചെലവ് പൂർണമായും വഹിക്കുന്നത് ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷനാണ്. മൈക്രോസോഫ്ട് സ്ഥാപകൻ ബിൽഗേറ്റ്സിന്റെയും ഭാര്യയുടെയും പേരിലുള്ള ഫൗണ്ടേഷനാണ് ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷനാണ്.
പരിപാടിയിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയായി.ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ജെ.സുധീർ,ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്,കേരള വാട്ടർ അതോറിട്ടി ജോയിന്റ് എം.ഡി ബിനു ഫ്രാൻസിസ്,വാഷ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ആറുമുഖം കാളിമുത്തു, കോർപറേഷൻ സെക്രട്ടറി എസ്.ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു.