തിരുവനന്തപുരം: കൊടുംവളവും ഇടുങ്ങിയ റോഡും കാരണം, അപകടമൊഴിയാതെ വീർപ്പുമുട്ടുകയാണ് എം.സി റോഡിലെ മണ്ണന്തല മുതൽ വെഞ്ഞാറമൂട് തൈക്കാട് വരെയുള്ള പ്രദേശം.ഭീതിയോടെയാണ് ഭൂരിഭാഗം യാത്രക്കാരും ഇതുവഴി യാത്രചെയ്യുന്നത്.കൊടുംവളവുകൾ വെട്ടിത്തിരിഞ്ഞെത്തുന്ന സൂപ്പർ ഫാസ്റ്റടക്കമുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

ഇന്നലെ രാവിലെ കാട്ടാക്കടയിൽ നിന്ന് മൂഴിയാറിലേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും ചരക്കുലോറിയും മരുതൂർ പാലത്തിനടുത്ത് കൂട്ടിയിടിച്ചതാണ് ഒടുവിലത്തെ സംഭവം.അരുവിയോട് നിന്ന് ഇറങ്ങിച്ചെല്ലുന്നവയും,ചിറ്റാഴയിൽ നിന്ന് ഇറക്കമിറങ്ങി വളവുതിരിഞ്ഞെത്തുന്ന വാഹനങ്ങളും മരുതൂർ പാലത്തിനടുത്തുവച്ച് അപകടത്തിൽപ്പെടുന്നത് പതിവാണ്.അതുപോലെ കണക്കോട് നിന്ന് വേറ്റിനാട് വരെയുള്ള കുത്തിറക്കത്തിലും അപകടം സ്ഥിരമാണ്.രാത്രിയായാൽ വളവ് തിരഞ്ഞെത്തുന്ന വാഹനങ്ങളെ എതിരെ വരുന്നവയ്ക്ക് പെട്ടെന്ന് കാണാനാവില്ല.

നാലുവരിയില്ല, ഗതാഗതക്കുരുക്കും രൂക്ഷം

കേശവദാസപുരത്തുനിന്ന് മണ്ണന്തല വരെ നാലുവരി പാതയുണ്ടെങ്കിലും മണ്ണന്തല മുതൽ തൈക്കാട് വരെ രണ്ടുവരി പാതയാണുള്ളത്.റോഡിന് വീതി കുറവായതിനാൽ വളവുതിരിഞ്ഞെത്തുന്ന വാഹനങ്ങൾ മറുവശം ചേർന്ന് വീശിയെടുക്കുന്നതും അപകടം വർദ്ധിപ്പിക്കുന്നു. വട്ടപ്പാറ ജംഗ്ഷനിൽ പൊലീസ് സ്റ്റേഷന് മുന്നിലെ വളവ്, അമ്പലനഗറിലെ വളവ്,വില്ലേജ് ഓഫീസിന് മുന്നിലെ വളവ്,കണക്കോട് തണ്ണിപ്പാറ വളവ് എന്നിവിടങ്ങളിലും അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോ‌ഡിന് വീതി കുറവായതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.ഈ വളവുകൾ നിവർത്തി റോഡ് നാലുവരി പാതയാക്കണമെന്നാണ് പ്രധാന ആവശ്യം.

മണ്ണന്തല - തൈക്കാട് റോഡ് വീതികൂട്ടി നാലുവരിയാക്കുന്നതിനും വളവുകൾ നിവർത്തുന്നതിനുമുള്ള പദ്ധതി തയ്യാറാക്കി സ്കെച്ച് അടക്കമുള്ളവ പൂർത്തിയാക്കിയിരുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് നടപടികൾക്ക് തടസമുണ്ടായത്. പ്രശ്നത്തിൽ അടിയന്തര നടപടി വൈകാതെയുണ്ടാകും

മന്ത്രി ജി.ആർ.അനിൽ

എം.സി റോഡിൽ മണ്ണന്തല - വട്ടപ്പാറ ഭാഗത്ത് ഇത്രയധികം അപകട ഭീഷണിയുണ്ടായിരുന്ന പ്രശ്നം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.കാര്യം വിശദമായി പരിശോധിക്കും. വൈകാതെ പരിഹാരമുണ്ടാക്കും

:- മന്ത്രി പി.എ.മുഹമ്മദ് റിയാസ്