തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും നഗരസഭാ ജീവനക്കാരും ഒന്നിച്ച്‌ പ്രവർത്തിച്ചതോടെ യാഥാർത്ഥ്യമായത്‌ തിരുവനന്തപുരം ഫോർട്ട്‌ വാർഡിലെ സീതാലക്ഷ്‌മിഅമ്മയുടെ വീടെന്ന സ്വപ്‌നം.
ചുടുകട്ടകൊണ്ട് നിർമ്മിച്ച പൊളിഞ്ഞുവീഴാറായ വീട്ടിൽ ആ വൃദ്ധയും മകനും കഴിഞ്ഞത്‌ 48 വർഷം.
‘ലൈഫി’ന്റെ തണലിൽ വീട്‌ ലഭിച്ചതോടെ മറഞ്ഞ പുഞ്ചിരി വീണ്ടെടുത്തു. പലകാരണങ്ങളാൽ വീടുപണി നിറുത്തിവയ്‌ക്കേണ്ടിവന്നു.
"വീട് പുതുക്കിപ്പണിയുന്നതിന്‌ ലൈഫ് പദ്ധതിയിലൂടെ തുക അനുവദിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിയാത്തവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം അദാലത്ത്‌ സംഘടിപ്പിച്ചിരുന്നു. അതിൽ സീതാലക്ഷ്‌മിഅമ്മയുടെ പ്രശ്‌നവും ഉണ്ടായിരുന്നു. ഓഫീസിലെ (മേയർ സെക്ഷൻ/മേയർസ് സെൽ) ജീവനക്കാരുടെകൂടി പങ്കാളിത്തത്തോടെ വീട് കോൺക്രീറ്റ് ചെയ്തു നൽകാമെന്ന് ഒരൊറ്റ മനസ്സോടെ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് മേയറുടെ ജീവനക്കാരും നിർമ്മാണത്തിന് സഹായമായെത്തിയത്.

​പൂർത്തിയാക്കിയത്‌ 3127 വീടുകൾ

ഇ‍ൗ ഭരണസമിതി ഇതുവരെ 4590 ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും അതിൽ 3127 വീട് നിർമ്മിച്ചുനൽകുകയും ചെയ്തു. നിർമാണ പ്രവർത്തനങ്ങൾക്ക്‌ സഹായം ആവശ്യമുള്ള ഗുണഭോക്താക്കൾ, സഹായിക്കാൻ മനസ്സുള്ള സന്നദ്ധ പ്രവർത്തകർ, നിർമാണ സാമഗ്രികൾ സംഭാവന നൽകാൻ താത്പര്യമുള്ളവർ (നഗരസഭയുമായി ബന്ധപ്പെട്ടവർ സാമ്പത്തികസഹായം സ്വീകരിക്കുന്നതല്ല) എന്നിവർക്ക്‌ 9447377477 എന്ന നമ്പരിൽ ബന്ധപ്പെടാം.