kudivellam

വിതുര: ഒടുവിൽ ഒരാഴ്ചയ്ക്കു ശേഷം തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാ‌ർഡിലെ കന്നുകാലിവനം മേഖലയിൽ ജലവിതരണം പുനഃരാരംഭിച്ചു. അടിക്കടി ഇവിടെ ജലവിതരണം തടസപ്പെടുന്നത് പതിവാണ്. തൊളിക്കോട് പുളിമൂട്ടിൽ പൈപ്പ് ലൈനിലെ തകരാറുകൾ മൂലമാണ് കുടിവെള്ളവിതരണം മുടങ്ങിയതെന്നും ഉടൻ നന്നാക്കുമെന്നുമാണ് വാട്ടർ അതോറിട്ടി വ്യക്തമാക്കിയിരുന്നതെങ്കിലും ഒരാഴ്ച പ്രദേശത്ത് വെള്ളം കിട്ടിയിരുന്നില്ല. ഇതോടെ പൈപ്പ് ജലത്തെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്നവർ നെട്ടോട്ടമായി. കുടിവെള്ള ലഭിക്കാത്തതുമൂലം ജനം നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി രണ്ടുതവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

തോട്ടുമുക്ക്,കന്നുകാലിവനം,മണലയം പൊൻപാറ,ആനപ്പെട്ടി പേരയത്തുപാറ പ്രദേശങ്ങളിലുള്ളവരാണ് പൈപ്പ് വെള്ളം കിട്ടാതെവന്നതോടെ ബുദ്ധിമുട്ടിലായത്. മേഖലയിലെ ഉയർന്നപ്രദേശങ്ങളിലെ കിണറുകളിൽ വേണ്ടത്ര വെള്ളമില്ല. ഇടയ്ക്ക് മഴപെയ്തെങ്കിലും വേണ്ടത്ര ഉപകാരപ്രദമായില്ല. മേഖലയിൽ വേനൽക്കാലത്ത് കുടിനീർക്ഷാമം രൂക്ഷമാകുമ്പോൾ ടാങ്കർ ലോറികളിൽ ശുദ്ധജലമെത്തിക്കാറുണ്ട്.

 പരാതികൾ മാത്രം

വിതുര തൊളിക്കോട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി തോട്ടുമുക്ക് കന്നുകാലിവനത്തിൽ വാട്ടർടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ടാങ്കിൽ നിറയെ വെള്ളമുണ്ടെങ്കിലും ടാങ്കിന്റെ തൊട്ടടുത്തുള്ള വീടുകളിലെ പൈപ്പുകളിൽ മിക്കപ്പോഴും ജലമെത്താറില്ല. ഇതുസംബന്ധിച്ച് നാട്ടുകാർ അനവധി തവണ പരാതി നൽകിയിട്ടുണ്ട്.

 വിനയായി പൈപ്പ് പൊട്ടൽ

തൊളിക്കോട്,വിതുര പഞ്ചായത്തുകളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായാകുന്നത് പതിവാണ്. പൈപ്പ് പൊട്ടുന്നതാണ് കുടിവെള്ളവിതരണം നിലയ്ക്കാൻ കാരണം. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് പ്രധാന പ്രശ്നം.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തോട്ടുമുക്ക് കന്നുകാലിവനം മേഖലയിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. ആദ്യമൊക്ക കുടിവെള്ളം മുടങ്ങാതെ ലഭിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടപ്പോൾ പ്രശ്നങ്ങൾ തുടങ്ങി. പ്രദേശത്ത് എവിടെയെങ്കിലും പൈപ്പ് പൊട്ടിയാൽ ഉടൻ ഇവിടെ ജലവിതരണം മുടങ്ങും. എന്നാൽ വാട്ടർബിൽ മുടങ്ങാറില്ല.