general

ബാലരാമപുരം: വാട്ടർ അതോറിട്ടിയുടെ കീഴിൽ ജലവിതരണ പൈപ്പുകളിലെ വിള്ളൽ കാരണം ഗ്രാമങ്ങളിലെ കുടിവെള്ളം പാഴാകുന്നു. കോട്ടുകാൽ പഞ്ചായത്ത് പരിധിയിലെ ഉച്ചക്കട,​പയറ്റുവിള,​ മുര്യതോട്ടം ഭാഗങ്ങളിലെ റോഡുവക്കുകളിൽ പൈപ്പ് ലൈനുകൾ പൊട്ടിയൊഴുകുന്നുണ്ട്. ബാലരാമപുരം,​പള്ളിച്ചൽ പഞ്ചായത്ത് വാർഡുകളിലും സ്ഥിതി ഇതുതന്നെ. വാട്ടർ അതോറിട്ടിയുടെ കീഴിൽ പഴയ പൈപ്പുകളും ജലജീവൻ മിഷൻ പദ്ധതിപ്രകാരവും കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു സ്ഥലത്ത് പൈപ്പ്ലൈനിലെ വിള്ളൽ പരിഹരിച്ച് മടങ്ങുമ്പോഴേക്കും അടുത്ത ദിവസം മറ്റൊരിടത്ത് പൈപ്പ് ലൈൻ പൊട്ടിയൊഴുകും. 30 മുതൽ 50 വർഷം വരെ പഴക്കമുള്ള ജി.ഐ,​എച്ച്.ഡി.പി.ഐ പൈപ്പുകളാണ് പഞ്ചായത്ത്- നഗരസഭ വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്നത്.

 പൈപ്പുലൈനുകളുടെ ഗുണനിലവാരം പരിശോധിക്കാതെയാണ് വർക്കുകൾ കരാറുകാരന് കൈമാറുന്നതെന്നാണ് ആക്ഷേപം

ഒരു വർഷം ജില്ലയിൽ ജലവിതരണ പൈപ്പുകളിലെ വിള്ളലുകൾ പരിഹരിക്കുന്നതിനായി ലക്ഷങ്ങൾ ചെലവാക്കുന്നെന്നാണ് കണക്ക്

 ചാനൽപ്പാലം –റസൽപുരം റോഡിൽ ടാറിട്ട് ദിവസങ്ങൾ കഴിഞ്ഞതും പൈപ്പ്ലൈൻ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചു

 ടാറിട്ടിട്ട് ദിവസങ്ങൾ

ചില ദിവസങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്നതിന്റെ അമിതസമ്മർദ്ദം കാരണം പൈപ്പുകൾ പൊട്ടാറുണ്ട്. കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതുമൂലം റോഡിനും ബലക്ഷയം നേരിടുന്നുണ്ട്. ചാനൽപ്പാലം –റസൽപുരം റോഡിൽ ടാറിട്ട് ദിവസങ്ങൾ കഴിഞ്ഞതും പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചാനൽപ്പാലം –തേമ്പാമുട്ടം റോഡിലും ഒരു മാസത്തിനിടെ രണ്ടുതവണ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചിരുന്നു.

 മരണക്കെണിയും

നെയ്യാർ ഇറിഗേഷന് കീഴിൽ വിവിധ വാട്ടർ അതോറിട്ടികൾ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കുകളിൽ ശേഖരിക്കുന്ന വെള്ളത്തിന്റെ അളവ് പെട്ടെന്ന് കുറയുന്നതിന്റെ കാരണം പൈപ്പ്ലൈനുകളിലെ വിള്ളലുകളാണ്. ഇത് പരിഹരിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിക്കുന്നത് മൂലമുണ്ടാകുന്ന കുഴികൾ രാത്രികാലങ്ങളിൽ മരണക്കെണിയൊരുക്കുകയാണ്. പഞ്ചായത്ത് സംവിധാനം ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതാനടപടികളിലേക്ക് കടക്കണമെന്നും റോഡ് വെട്ടിപ്പൊളിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കാൻ കത്ത് കൈമാറണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

 കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റണം

ഗ്രാമീണമേഖലയിൽ അമ്പത് വർഷത്തിലേറെ പഴക്കമുള്ള എ.സി പൈപ്പുകളാണ് കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിരിക്കുന്നത്. ഇക്കാരണത്താൽ പൈപ്പ്പൊട്ടുന്നത് നിത്യസംഭവമാണ്. റോഡ് പൊളിയുന്നതിനും അപകടങ്ങളുണ്ടാകുന്നതിനും വാട്ടർ അതോറിട്ടി കുഴികൾ വില്ലനാകുന്നുണ്ട്.