
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലി ആദിവാസി മേഖലയിലെ ആലുമ്മൂട് - പൊലീസ്‌കുന്ന് വരെയുള്ള 250ൽ അധികം കുടുംബങ്ങൾക്ക് ആശ്രയമായ മൺതടം ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടുതുടങ്ങിയിട്ട് വർഷങ്ങളായി. ആദിവാസി മേഖലയായ ഇവിടെ ഊരുകൂട്ടം തുടങ്ങിയ കാലം മുതലും എല്ലാ ഗ്രാമസഭകളിലും ഈ മേഖലയിലെ താമസക്കാർ ഈ ഭാഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. രോഗബാധിതരുടെ കാര്യമാണ് ഏറെ ദുരിതം. ഒരാവശ്യം വന്നാൽ രോഗികളെ ചാക്കു കട്ടിലിൽ കിടത്തി മൂന്ന് കിലോമീറ്ററോളം നടന്ന് ഞാറനീലിയിൽ എത്തിയാൽ മാത്രമേ വാഹന സൗകര്യം ലഭിക്കുകയുള്ളുവെന്ന് പള്ളിപ്പുര സെറ്റിൽമെന്റ് ഊര് മൂപ്പൻ വിജയൻ കാണി പറഞ്ഞു. പെരിങ്ങമ്മല പഞ്ചായത്തിൽ തൊണ്ണൂറ് ശതമാനവും വിതുര പഞ്ചായത്തിൽ പത്ത് ശതമാനവും തകർന്ന റോഡുകളാണ്. ആലുമ്മൂട് മുതൽ മുതിയാൻ കുഴിവരെ ഉൾപ്പെട്ട മേഖലയിലാണ് ഏറെ ദുരിതം. ധാരാളം സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ആശ്രയിക്കുന്നതും ഈ റോഡാണ്. വന്യമൃഗശല്യം രൂക്ഷമായ ഈ പ്രദേശങ്ങളിൽ ഭീതിയോടെയാണ് ജനജീവിതം. അധികാരികളുടെ ഭാഗത്തു നിന്ന് ഈ റോഡ് കോൺക്രീറ്റ് ചെയ്തു നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.