ponmudi

വിതുര:​ നദീദിനത്തോടനുബന്ധിച്ച് പൊന്മുടി ഗവൺമെന്റ് യു.പി.എസിലെ കുട്ടികൾ കല്ലാറിന്റെ തീരത്തേക്ക് പഠനയാത്ര നടത്തി. നദിയെ അടുത്തറിയാനും അതിന്റെ പ്രാധാന്യം മനസിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നാട്ടുകാരനും നദി സംരക്ഷകനുമായ കല്ലാർ വിജയകുമാറാണ് കുട്ടികൾക്ക് നദിയെ പരിചയപ്പെടുത്തിയത്.

​പലതരം ചെടികളും, മത്സ്യങ്ങളും, പക്ഷികളും ഉൾപ്പെടുന്ന നദിയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് വിജയകുമാർ വിശദീകരിച്ചു. പുഴയുടെ ഇപ്പോഴത്തെ അവസ്ഥയും, മാലിന്യപ്രശ്‌നങ്ങളും കുട്ടികൾക്ക് നേരിട്ട് മനസിലാക്കാൻ സാധിച്ചു. നദിയിലെ വെള്ളപ്പൊക്കം, മീൻപിടിത്ത രീതികൾ, പുഴയെ ആശ്രയിച്ചുള്ള പഴയകാല ജീവിതം, ഉരുൾപൊട്ടൽ, അപകടമരണങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾ ചോദിച്ചറിഞ്ഞു. നദിയെ സംരക്ഷിക്കുമെന്നും മാലിന്യങ്ങൾ നിക്ഷേപിക്കില്ലെന്നും പ്രതിജ്ഞയെടുത്താണ് കുട്ടികളും അദ്ധ്യാപകരും മടങ്ങിയത്. പ്രഥമാദ്ധ്യാപകൻ അബ്ദുൽ ജവാദ്, പി.ടി.എ പ്രസിഡന്റ്‌ സോണിയ, എസ്.എം.സി ചെയർമാൻ പൊന്മുടി പ്രകാശ്, അദ്ധ്യാപകരായ നിമിഷ, രതീഷ്, ഷാലി, നിതിൻ എന്നിവർ പങ്കെടുത്തു.