child

നേമം (തിരുവനന്തപുരം)​: അങ്കണവാടിയിൽ രണ്ടരവയസുകാരിയുടെ കരണത്തടിച്ച് അദ്ധ്യാപികയുടെ ക്രൂരത. കുഞ്ഞിന്റെ കർണപടത്തിന് സാരമായി പരിക്കേറ്റു. മുഖത്ത് അദ്ധ്യാപികയുടെ വിരൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. മൊട്ടമൂട് ഷെറിൻ നിവാസിൽ പ്രവീൺ- നാൻസി ദമ്പതികളുടെ ഏക മകൾക്കാണ് മർദ്ദനമേറ്റത്. മൊട്ടമൂട് പറമ്പുംകോണം അങ്കണവാടിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. അദ്ധ്യാപിക മച്ചേൽ സ്വദേശി പുഷ്പലതയെ വനിതാ ശിശുവികസന വകുപ്പ് സസ്പെൻഡ് ചെയ്തു. നരുവാമൂട് പൊലീസ് കേസെടുത്തു.

കുഞ്ഞിന്റെ ചെവിക്ക് സാരമായ പരിക്കുള്ളതിനാൽ തൈക്കാട് ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗത്തിലേക്ക് റഫർ ചെയ്തു. തിങ്കളാഴ്ച കേൾവി പരിശോധനയടക്കം നടത്തും. അങ്കണവാടിയിൽ നിന്ന് മടങ്ങിയെത്തിയ കുഞ്ഞ് നിറുത്താതെ കരഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് അദ്ധ്യാപിക അടിച്ചകാര്യം പറഞ്ഞത്. കുഞ്ഞിനെ അദ്ധ്യാപിക അടിച്ചെന്ന് അങ്കണവാടിയിലെ ബന്ധുക്കളായ മറ്റു രണ്ടു കുട്ടികളും പറഞ്ഞതായി മാതാപിതാക്കൾ കേരളകൗമുദിയോട് പറഞ്ഞു.


മാതാപിതാക്കൾ അദ്ധ്യാപികയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തൈക്കാട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രി അധികൃതർ ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരമറിയിച്ചു. കമ്മിറ്റി അധികൃതർ അദ്ധ്യാപികയോട് വിശദീകരണം തേടിയെങ്കിലും കുഞ്ഞിനെ അടിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

അന്വേഷണം തുടങ്ങി

സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് വനിതാ ശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാ റാണി അറിയിച്ചു. വകുപ്പിലെ പദ്ധതി വിഭാഗം ഓഫീസറും പള്ളിച്ചൽ പഞ്ചായത്ത് ചൈൽഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഫീസറുമാണ് അന്വേഷിക്കുന്നത്. റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടിയുണ്ടാകും. കുഞ്ഞിന്റെ ചികിത്സയ്ക്കടക്കം എല്ലാ സഹായങ്ങളും നൽകുമെന്നും കവിതാ റാണി പറഞ്ഞു.