
പൂവാർ: മാനത്ത് മഴ കറുത്താൽ കമുകിൻകോട് കോൺവെന്റ് റോഡ് വെള്ളത്തിലാവും. പിന്നെ അതുവഴിയുള്ള ഗതാഗതം താറുമാറാകും. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികളിൽ ചെളിവെള്ളം കെട്ടിനിൽക്കും. മഴ മാറിയാലും ഈ വെള്ളക്കെട്ട് ആഴ്ചകളോളം നിലനിൽക്കും.
ഈ സാഹചര്യത്തിലാണ് നായനാർ നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് പരാതികൾ എം.എൽ.എ,ജില്ല,ബ്ലോക്ക്,ഗ്രാമം പഞ്ചായത്ത് അധികൃതർക്ക് നൽകിയത്. തുടർന്ന് ബഥനി കോൺവെന്റ് -കൊച്ചുപള്ളി റോഡിന്റെ റീ ടാറിംഗ് പണികൾക്ക് ഫണ്ട് അനുവദിച്ചു. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും കരാറുകാരൻ പണി ആരംഭിക്കാതെ അനിശ്ചിതമായി നീട്ടുകയാണ്. അതിന്റെ ഫലമായി മഴ തുടങ്ങിയതോടെ ജനജീവിതം വീണ്ടും ദുരിത പൂർണമായി തുടരുകയാണ്.
അവണാകുഴി-നെയ്യാറ്റിൻകര മെയിൻ റോഡ് നിർമ്മാണത്തിന്റെ പാകപ്പിഴയാണ് മലിനജലം ബഥനി കോൺവെന്റ് റോഡിലേക്ക് ഒഴുകിയെത്തുന്നതിന് കാരണം.
അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ ഗ്രാമീണ റോഡുകളിൽ ഒന്നാണ് ബഥനി കോൺവെന്റ് റോഡ്. കൊച്ചുപള്ളി തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡും ഇതാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ദിനവും ആയിരക്കണക്കിനാളുകളാണ് ഇതുവഴി പോകുന്നത്.