
കുന്നത്തുകാൽ: ഇന്നലെ പെയ്ത കനത്തമഴയിൽ കാരക്കോണം ജംഗ്ഷനു സമീപം കൂറ്റൻ പുളിവാക റോഡിന് കുറുകെ കടപുഴകി.സെക്കന്റുകളുടെ വ്യത്യാസത്തിൽ കാറും യാത്രികരും അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.
ഗതാഗതത്തിരക്കേറിയ കാരക്കോണം വെള്ളറട റോഡിൽ കാരക്കോണം കേരള ബാങ്കിന്റെ എതിർവശത്തുള്ള പുറമ്പോക്ക് ഭൂമിയിൽ അപകടകരമായി നിന്ന മരമാണ് കടപുഴകിയത്. മരം വീഴുന്നത് ശ്രദ്ധയിൽപ്പെട്ട കാർ ഡ്രൈവർ അമിതവേഗതയിൽ കാർ ഓടിച്ച് പോവുകയായിരുന്നു. റോഡിന് കുറുകെ മരം വീണതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു.നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പാറശാല ഫയർഫോഴ്സ് ജീവനക്കാർ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.