karakkonam-junctionusamee

കുന്നത്തുകാൽ: മഴപെയ്താൽ ചെളിക്കളം, വെയിലായാൽ മെറ്റൽ കഷ്ണങ്ങളും പൊടിയും, ഇതാണ് കഴിഞ്ഞ രണ്ട് വർഷമായി അമരവിള കാരക്കോണം റോഡിലൂടെ യാത്രചെയ്യുന്നവരുടെ അവസ്ഥ. 9 കിലോമീറ്റർ ദീർഘമുള്ള റോഡിൽ ഒന്നാംഘട്ട ടാറിംങ്ങിനായി ഒരുക്കുന്നത് 50 മീറ്റർ വീതമുള്ള പീസുകളായാണ്. എന്നാൽ ആരംഭഘട്ടത്തിൽ അളവുകൾ പൂർത്തിയാക്കിയ കുന്നത്തുകാൽ മുതൽ കാരക്കോണം വരെയുള്ള ഒരു കിലോമീറ്റർ ദൂരം യാത്രകർക്ക് ഇന്നും ദുരിതക്കയമായി തുടരുന്നു. വിരലിലെണ്ണാവുന്ന തൊഴിലാളികളും ഒരു ജെസിബിയും മാത്രം ഉപയോഗിച്ചാണ് റോഡുപണിയെന്നും ആക്ഷേപമുണ്ട്. കുന്നത്തുകാലിലെ പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കൽ മാസങ്ങളായി അനിശ്ചിതത്വത്തിൽ തുടരുന്നു. ഭൂ ഉടമയുമായി ഉണ്ടാകുന്ന തർക്കങ്ങളെക്കുറിച്ച് ചർച്ചനടത്താനോ ഒത്തുതീർപ്പാക്കാനോ അധികൃതർ എത്താറില്ല. കുന്നത്തുകാൽ ജംഗ്ഷനിൽ ആവശ്യത്തിന് സ്ഥലം ഏറ്റെടുക്കാൻ കഴിയാത്തതിനാൽ ഓട നിർമ്മാണവും ഉപേക്ഷിച്ചമട്ടാണ്. കുന്നത്തുകാൽ ഗുരുദേവക്ഷേത്രത്തിന്റെ മുന്നിലൂടെ ജംഗ്ഷനിലെത്തേണ്ട ഓട നിർമ്മാണം 13 മീറ്റർ ദൂരത്തിൽ നിറുത്തിവച്ചിരിക്കുകയാണ്. ഇവിടെ ചെറു മഴപെയ്താൽപ്പോലും വെള്ളക്കെട്ടുകൾ രൂപപ്പെടും. ഇവിടെ സൈഡ് വാൾ നിർമ്മാണവും കൺവെർട്ട് സ്ഥാപിക്കലും മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്നു.
പഴയ കരിങ്കൽ കെട്ടുകൾ പൊളിച്ച് റോഡിൽ തന്നെ വിരിച്ചിരിക്കുന്നതിനാൽ റോഡിന്റെ ഒരു ഭാഗം അടഞ്ഞു. മറുഭാഗത്ത് വെള്ളക്കെട്ടും. മഴയെത്തിയതോടെ ഇവിടം ഗതാഗത കുരുക്കിലായി. കാരക്കോണം ജംഗ്ഷൻ മുതൽ കൂനൻ പന ജംഗ്ഷൻ വരെ റോഡിലാകമാനം കുണ്ടും കുഴികളുമാണ്. ജംഗ്ഷനിലെ സ്ഥലമെടുപ്പ് പൂർത്തിയാക്കണമെന്നും ജംഗ്ഷനിലും കൂനൻ പന മുതൽ കാരക്കോണം വരെയുള്ള ഒന്നാംഘട്ട റീടാറിംഗ് പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ആവശ്യം ശക്തമാകുന്നു.