
പാലോട്: 130 വർഷം പഴക്കമുള്ള നന്ദിയോട് പച്ച ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പമെത്തി മന്ത്രി വി. ശിവൻകുട്ടിയോട് ഒരാവശ്യം ഉന്നയിച്ചു. സ്കൂളിന്റെ നിലവിലെ ഓടിട്ട കെട്ടിടങ്ങൾക്ക് ഏകദേശം നൂറ് വർഷത്തിലധികം പഴക്കമുണ്ട്. ഈ കെട്ടിടത്തിന്റെ സ്ഥാനത്ത് ഒരു പുതിയ കെട്ടിടം വേണം. ഒപ്പം കളിസ്ഥലവും. ഇതിലേക്കുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നതായിരുന്നു മന്ത്രിയോടുള്ള അപേക്ഷ. കുഞ്ഞുങ്ങളുടെ അപേക്ഷയും സ്ഥലം എം.എൽ.എ ഡി.കെ. മുരളിയുടെ ഇടപെടലും കൂടിആയപ്പോൾ മന്ത്രി വി.ശിവൻകുട്ടിയുടെ സമ്മാനമായി സ്കൂളിന് ലഭിച്ചത് ഒരു കോടി രൂപയുടെ പുതിയ കെട്ടിടം. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സബ് ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നാണ് പച്ച എൽ.പി.എസ്. 1894ലാണ് പച്ച സർക്കാർ എൽ.പി.സ്കൂൾ ആരംഭിച്ചത്. സുന്ദരയ്യർ ആണ് ആദ്യ ഹെഡ്മാസ്റ്റർ. കേരള കൗമുദി ചീഫ് എഡിറ്റർ ആയിരുന്ന എൻ.ആർ.എസ്.ബാബു, ജനറൽ ആശുപത്രി ആർ.എം.ഒ ആയി വിരമിച്ച ഡോ.ഡഗ്ലസ്സ് ലിംഗ്സ്ബി, കേരള സർക്കാർ മുൻ പ്രോട്ടോകോൾ ഒഫീസർ കുചേലദാസ്, എൽ.ബി.എസ് ഡയറക്ടറായിരുന്ന ഡോ. സുകേശൻ, ഗ്രന്ഥകാരൻ നന്ദിയോട് രാമചന്ദ്രൻ, ഡോ.വിജയാലയം ജയകുമാർ, കെ.വിശ്വംഭരൻ, നന്ദിയോട് ബി.രാജൻ, കെ.രവീന്ദ്രനാഥ് തുടങ്ങിയ പ്രഗത്ഭരെ വാർത്തെടുത്തതും ഇവിടെനിന്നാണ്. പൊതു മരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. എസ്റ്റിമേറ്റ് തയാറാക്കി എത്രയും വേഗം ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്ന് ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു.