1

തിരുവനന്തപുരം: ഹിന്ദി പ്രചാരസഭയുടെ കേരൾ ജ്യോതി ചീഫ് എഡിറ്ററായിരുന്ന പേരൂർക്കട റംഗൂൺ ലെയ്ൻ കാർത്തികയിൽ (എം.ആർ 26) പ്രൊഫ. ഡി.തങ്കപ്പൻ നായർക്ക് (92) അന്ത്യാഞ്ജലി. ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ നടന്ന സംസ്കാര ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. രാവിലെ ഹിന്ദി പ്രചാരസഭ ഓഫീസ്, അദ്ദേഹത്തിന്റെ വസതി എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവച്ച മൃതശരീരത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, മുൻ മന്ത്രി ബാബു ദിവാകരൻ, എം.വിജയകുമാർ,ഹിന്ദി അദ്ധ്യാപകർ,വിദ്യാർത്ഥികൾ തുടങ്ങിയ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു. കേരള ഹിന്ദി പ്രചാരസഭയിൽ അനുശോചന യോഗവും ചേർന്നു.

ബ്രിട്ടീഷ് എംബസിയിൽ ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ദക്ഷിണ ഹിന്ദി പ്രചാര സഭയുടെ എറണാകുളം പ്രാദേശിക കേന്ദ്രത്തിലെ മാനേജരായിരുന്നു. കോളേജ് അദ്ധ്യാപനരംഗത്തു നിന്നു വിരമിച്ച അദ്ദേഹം കേരള ഹിന്ദി പ്രചാര സഭയുടെ പോസ്റ്റ്ഗ്രാജ്വേറ്റ് സെന്ററിലെ പ്രിൻസിപ്പലായി സേവനമാരംഭിച്ചു. എഴുപതിലേറെ പുസ്‌തകങ്ങൾ ഹിന്ദി-മലയാളം-ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അവസാന നാളുകളിൽ കാവ്യരചനയിൽ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം ശ്രീനാരായണഗുരുചരിതം മഹാകാവ്യം ഹിന്ദിയിൽ രചിച്ചു. ഗാനഗന്ധർവ്വൻ യേശുദാസിന്റെ കവിത 'തലാശ്' എന്ന പേരിൽ വിവർത്തനം ചെയ്ത‌ിട്ടുണ്ട്. ഇരുന്നൂറിലേറെ പഠനസഹായികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സർവ്വകലാശാലകളുടെ പാഠ്യനിർമ്മാണ സമിതിയിൽ അംഗമായിട്ടുണ്ട്.

കേരള ഹിന്ദി പ്രചാര സഭയുടെ പരമോന്നത ബഹുമതിയായ സാഹിത്യകലാനിധി, ഉത്തർപ്രദേശ് സർക്കാരിന്റെ സൗഹാർദ് സമ്മാൻ, കവിയൂർ ശിവരാമയ്യർ വിവർത്തന പുരസ്‌കാരം, മഹാരാഷ്ട്ര സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ഡോ.ജി. ജയകുമാരി. മക്കൾ- രഞ്ജിത്ത്.ടി(സെന്റർ ഫോർ ഇംഗ്ളീഷ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സ്റ്റഡീസ്), സജിത്ത്.ടി (ഡി.ജി.എം എച്ച്.എൽ.എൽ ലിമിറ്റഡ് ആക്കുളം),മരുമകൾ- ശ്രീകല.പി (അദ്ധ്യാപിക).