തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ബി.ജെ.പി കൗൺസിലർ തിരുമല അനിൽ പ്രസിഡന്റായിരുന്ന ഫാം ടൂർ സഹകരണ സംഘത്തിലെ, ബാദ്ധ്യതകൾ തീർക്കാൻ പാർട്ടി നേതാക്കളോടും കൗൺസിലർമാരോടും നിർദ്ദേശിക്കാൻ പാർട്ടി നേതൃത്വം. കൗൺസിലർമാരോട് പലിശ ഉൾപ്പെടെ മുഴുവൻ വായ്പാതുകയും തിരിച്ചടയ്ക്കാനാവും നിർദ്ദേശിക്കുക.
അനൗദ്യോഗികമായി രഹസ്യ നിർദ്ദേശം നൽകാനാണ് തീരുമാനം.സംഘത്തിലെ കോടികളുടെ കുടിശിക തിരിച്ചടയ്ക്കാനുള്ളതിൽ പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളുമുണ്ടെന്ന വിവരത്തെ തുടർന്നാണ് വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള പാർട്ടി നീക്കം.
വായ്പ തിരിച്ചടയ്ക്കാത്ത, പാർട്ടിയുമായി ബന്ധപ്പെട്ട 70 പേരുടെ പട്ടിക അനിൽ മരിക്കുന്നതിന് മുൻപ് തയാറാക്കിയിരുന്നതായി സൂചനയുണ്ട്.സഹകരണ സംഘത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സഹകരണവകുപ്പിന്റെ അവസാന അന്വേഷണ റിപ്പോർട്ടും പുറത്തുവരാനുണ്ട്. കൂടാതെ പൊലീസും വായ്പ കുടിശിക വരുത്തിയ വിവരങ്ങൾ തേടിയിട്ടുണ്ട്. ബി.ജെ.പി ഏരിയാ നേതാക്കൾ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ സംഘത്തിൽ നിന്ന് വായ്പയെടുത്തിട്ടുണ്ട്. ഇതിൽ രണ്ട് കൗൺസിലറും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമുണ്ട്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റ്യുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. അനിലിന്റെ മരണാനന്തരച്ചടങ്ങുകൾ കഴിഞ്ഞ ശേഷം അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തും.
സെക്രട്ടറി ഉൾപ്പെടെയുള്ള സംഘം ജീവനക്കാരെയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ഇവർക്കെതിരെയാണ് നിക്ഷേപം തിരിച്ചുനൽകാത്ത കിടപ്പുരോഗിയുടെ കുടുംബത്തിന്റെ ആരോപണം. ഈ കുടുംബത്തോട് പരാതി നൽകാൻ നിർദ്ദേശിച്ചതും അനിലാണെന്നാണ് ഇവർ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് തിരുമല വാർഡ് കമ്മിറ്റി ഓഫീസിൽ അനിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.