
യു.എസ്.ടി ട്രിവാൻഡ്രം മാരത്തൺ, മിലിന്ദ് സോമൻ അംബാസഡർ
തിരുവനന്തപുരം: ഫിറ്റ്നെസ് പ്രേമികളായ തലസ്ഥാനവാസികൾക്കൊപ്പം മാരത്തൺ ഓട്ടത്തിന് മിലിന്ദ് സോമൻ എത്തുന്നു! നടനും മോഡലും ചലച്ചിത്ര നിർമ്മാതാവും ഫിറ്റ്നെസ് പ്രചാരകനുമായ അദ്ദേഹം യു.എസ്.ടി ട്രിവാൻഡ്രം മാരത്തണിന്റെ രണ്ടാംപതിപ്പിന്റെ അംബാസഡറായാണ് തലസ്ഥാനത്തെത്തുന്നത്. പ്രമുഖ സോഫ്ട്‌വെയർ കമ്പനിയായ യു.എസ്.ടിയും എൻ.ഇ.ബി സ്പോർട്‌സുമായി സഹകരിച്ച് ഒക്ടോബർ 12ന് സംഘടിപ്പിക്കുന്ന മാരത്തണിൽ അദ്ദേഹം പങ്കെടുക്കും.
മാരത്തണിന്റെ പ്രഖ്യാപനത്തിനായി കഴിഞ്ഞദിവസം ഹോട്ടൽ ഹയാത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. ഇന്ത്യയിലെ രക്ഷിതാക്കൾ മക്കളുടെ അക്കാഡമിക് കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ഫിറ്റ്നെസ് അവഗണിക്കുന്നതായും മിലിന്ദ് സോമൻ അഭിപ്രായപ്പെട്ടു.
മാരത്തണിൽ പതിനായിരംപേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്.ടി പ്രസിഡന്റ് അലക്‌സാണ്ടർ വർഗീസ് അറിയിച്ചു. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10കിലോമീറ്റർ ഓട്ടം, അഞ്ച് കി.മീ ഓട്ടം എന്നിങ്ങനെ നാല് വിഭാഗങ്ങളാണ് ഉൾപ്പെടുന്നത്.
യു.എസ്.ടി ക്യാമ്പസിൽ നിന്നാരംഭിക്കുന്ന മാരത്തണിൽ മിലിന്ദ് സോമനൊപ്പം മുൻ ഇന്ത്യൻ ബാഡ്മിന്റൺ താരം പുല്ലേല ഗോപിചന്ദ്,അത്‌ലറ്റും അർജുന അവാർഡ് ജേതാവുമായ റീത്ത് എബ്രഹാം, ബാഡ്മിന്റൺ താരം യു.വിമൽകുമാർ എന്നിവരും പങ്കുചേരും. 22 ലക്ഷത്തിലധികം രൂപയുടെ സമ്മാനത്തുകയും മാരത്തണിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനായി bit.ly/3ZnARUv എന്ന ലിങ്കിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റായ https://trivandrummarathon.com/ വഴിയും രജിസ്റ്റർ ചെയ്യാം.എൻ.ഇ.ബി സ്‌പോർട്സ് സി.എം.ഡി നാഗരാജ് അഡിഗ,യു.എസ്.ടി തിരുവനന്തപുരം സെന്റർ ഹെഡ് ശില്പ മേനോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ക്യാപ്ഷൻ: യു.എസ്.ടി ട്രിവാൻഡ്രം മാരത്തൺ രണ്ടാം പതിപ്പിന്റെ ടീഷർട്ട് അർജ്ജുന അവാർഡ് ജേതാവ് റീത്ത് എബ്രഹാം,എൻ.ഇ.ബി സ്‌പോർട്സ് സി.എം.ഡി നാഗരാജ് അഡിഗ, ചലച്ചിത്രതാരവും മോഡലുമായ മിലിന്ദ് സോമൻ, യു.എസ്.ടി പ്രസിഡന്റ് അലക്‌സാണ്ടർ വർഗീസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തപ്പോൾ. യു.എസ്.ടി തിരുവനന്തപുരം സെന്റർ ഹെഡ് ശിൽപ്പ മേനോൻ സമീപം