മുടപുരം: കയർ വ്യവസായ സഹകരണ സംഘങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട പി.എം.ഐ (പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസെന്റീവ്) ലഭിക്കാത്തതിനാൽ കയർസംഘങ്ങളിലെ തൊഴിലാളികളും ജീവനക്കാരും പ്രതിസന്ധിയിലാണെന്ന് കേരള കയർ കോ -ഓപറേറ്റിവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഡി.ശശിധരൻ ആരോപിച്ചു. സംസ്ഥാന സർക്കാർ കയർ സംഘങ്ങൾക്ക് നൽകുന്ന ഇൻസെൻറ്റീവാണ് പി.എം.ഐ. ഒരുവർഷത്തെ തുക ഒന്നിച്ചാണ് നൽകുന്നത്. സാധാരണ ഓണത്തിന് മുമ്പ് ഈ തുക നൽകും. എന്നാൽ ഇത്തവണ ഓണം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. അതിനാൽ കേരളത്തിലെ പരമ്പരാഗത കയർ വ്യവസായത്തിലെ തൊഴിലാളികളെ രക്ഷിക്കാൻ പി.ഇ.ഐ ഉടൻ വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. കയർ മേഖലയെ തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ പി.എം.ഐ ഉടൻ വിതരണം ചെയ്യണമെന്നും അല്ലെങ്കിൽ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും യൂണിയൻ പ്രസിഡന്റ് അറിയിച്ചു.
കടം വാങ്ങി ബോണസ്
ഇത്തവണ ഓണത്തിന് തുക ലഭിക്കാത്തതിനാൽ കടം വാങ്ങിയും പലിശക്കെടുത്തുമാണ് പല സംഘങ്ങളും തൊഴിലാളികൾക്ക് കൂലിയും ബോണസും നൽകിയത്. സംഘങ്ങൾക്ക് തൊണ്ടും ചകിരിയും നൽകിയ കച്ചവടക്കാർക്ക് അതിന്റെ വില നൽകാനും മിക്ക സംഘങ്ങൾക്കും കഴിഞ്ഞിട്ടില്ല. തൊഴിലാളികൾക്ക് ന്യായമായ കൂലിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതിനാലാണ് തൊഴിലാളികൾ ഈ രംഗത്തേയ്ക്ക് വരാത്തത്.400 രൂപയാണ് ഒരു തൊഴിലാളിയുടെ ഒരുദിവസത്തെ കൂലി. പി.എം.ഐ ലഭിക്കാത്തതിനാൽ ഓണത്തിനുശേഷം നിലവിലുള്ള പല സംഘങ്ങളും അടച്ചുപൂട്ടലിലാണ്.