
വർക്കല: കായലോര ടൂറിസം ലക്ഷ്യമിട്ട് ലക്ഷങ്ങൾ ചെലവഴിച്ച ഇടവ വെറ്റക്കട അൻസിൽ ആൻഡ് മനോജ് മെമ്മോറിയൽ പാർക്ക് ആരും തിരിഞ്ഞുനോക്കാതെ നാശത്തിന്റെ വക്കിൽ. വിനോദസഞ്ചാരികളെ ആകർഷിക്കാനായി ഇരിപ്പിടങ്ങളും നടപ്പാതയും മറ്റ് സൗകര്യങ്ങളുമൊരുക്കി മനോഹരമാക്കിയ പാർക്കിന്ന് മാലിന്യനിക്ഷേപ കേന്ദ്രമാണ്. നിലവിലുള്ള ബെഞ്ചുകൾ കേടുപാടുകൾ സംഭവിച്ച് ഉപയോഗശൂന്യമായി. പ്രദേശം കാടുമൂടിയതോടെ ഇവിടം കന്നുകാലികളെ തീറ്റാനുള്ള സ്ഥലമായി. ഇടവ -കാപ്പിൽ തീരദേശപാതയിൽ റോഡിന് സമീപമുള്ള പാർക്കിനോടു ചേർന്ന് കായലും കടലും ഒരുപോലെ ആസ്വദിക്കാൻ കഴിയും. സൂര്യാസ്തമയ കാഴ്ച ആസ്വദിക്കാനായെത്തുന്ന കുടുംബസന്ദർശകരുടെ പ്രധാനപ്പെട്ട ഒരിടം കൂടിയാണിത്. സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനുള്ള സൗകര്യമുണ്ടെങ്കിലും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ അധികൃതർ തയാറാകുന്നില്ലെന്നും സുരക്ഷിതമായ അന്തരീക്ഷം പാർക്കിൽ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
മരങ്ങൾ അപകടാവസ്ഥയിൽ
പാർക്കിലെ ടോയ്‌ലെറ്റിന് കുറുകെ അപകടകരമായ രീതിയിൽ രണ്ട് മരങ്ങളുണ്ട്. ഇത് ഏതു നിമിഷവും കെട്ടിടത്തിന് മുകളിലേക്ക് വീഴാം. ഇവ ഉടൻ മുറിച്ചുമാറ്റാൻ നടപടി ഉണ്ടാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ടോയ്‌ലെറ്റുകൾ വൃത്തിഹീനവും ഉപയോഗിക്കാൻ കഴിയാത്ത നിലയിലുമാണ്.
നിരീക്ഷണം വേണം
കാപ്പിൽ നിന്നും തെക്ക് ഭാഗത്തേക്ക് വരുന്ന കായൽ പതിനെട്ടാംപടി പ്രദേശം കഴിഞ്ഞാൽ ഒഴുക്ക് നിലച്ച് രണ്ടായി വേർപെടും. നിലവിൽ പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് ചതുപ്പായി ഇവിടം രൂപപ്പെട്ടുകഴിഞ്ഞു. തീരദേശ മേഖലയിൽ വിനോദസഞ്ചാരത്തിനായി കോടികൾ സർക്കാർ ചെലവിടുമ്പോഴും ഇത്തരത്തിലുള്ള മനോഹരമായ ഇടങ്ങൾ അധികൃതരുടെ ശ്രദ്ധകിട്ടാതെ നശിക്കുകയാണ്. പൊലീസിന്റെ നിരീക്ഷണ ക്യാമറകൾ ഇവിടെ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ആഴം കുറഞ്ഞ കായൽ തീരമായതിനാൽ കൊല്ലം ജില്ലയിൽ നിന്നുൾപ്പെടെ കുട്ടികളെ നീന്തൽ പരിശീലനത്തിനായി മുൻകാലങ്ങളിൽ ഇവിടെ എത്തിച്ചിരുന്നു. കുട്ടികൾക്ക് സ്‌കേറ്റിംഗ് പരിശീലനത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്.