ആറ്റിങ്ങൽ: തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മാഗ്ലൂരിലേക്ക് പോകുന്ന അന്ത്യോദയ സ്പെഷ്യൽ ട്രെയിനിന് വർക്കലയിൽ സ്റ്റോപ്പ് അനുവദിച്ചതായി അഡ്വ. അടൂർ പ്രകാശ് എം.പി അറിയിച്ചു. 28 മുതൽ ട്രെയിനിന് വർക്കലയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. തിരുവനന്തപുരം നോർത്തിൽ നിന്ന് ആരംഭിക്കുന്ന 06163 നമ്പർ അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ ഉച്ചയ്ക്ക് 2.19നാണ് വർക്കലയിൽ എത്തുന്നത്. റെയിൽവേ യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് വകുപ്പ് മന്ത്രിക്കും റെയിൽവേ ഡിവിഷൻ മാനേജർക്കും കത്ത് നൽകുകയും നിരന്തരം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് വർക്കലയിൽ സ്റ്റോപ്പ് അനുവദിച്ചതെന്ന് എം.പി അറിയിച്ചു. മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചിറയിൻകീഴ്,കടയ്ക്കാവൂർ, വർക്കല സ്റ്റേഷനുകളിൽ ഇനിയും വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കുന്നതിന് വേണ്ടി ആവശ്യപ്പെട്ടതായി എം.പി അറിയിച്ചു.