
നെടുമങ്ങാട് : പ്രമുഖ സ്വാശ്രയ സ്ഥാപനമായ ഹീര എൻജിനിയറിംഗ് കോളേജ് അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് തീരുമാനം.വിദ്യാർത്ഥികൾക്ക് സെമസ്റ്റർ നഷ്ടമാകാതെ പഠിക്കാൻ അഞ്ച് കോളേജുകളിൽ സൗകര്യം ഏർപ്പെടുത്തിയതായും കോളേജ് ഏതു വേണമെന്ന് വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാമെന്നും കോളേജ് ചെയർമാൻ റിസ്വാൻ ബാബു 'കേരളകൗമുദി"യോട് പറഞ്ഞു.കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കോളേജ് നടത്തിക്കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അടച്ചു പൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്.ഇക്കാര്യം വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും അറിയിക്കുന്നതിനായി ഇന്നലെ മാനേജ്‌മെന്റ് മുൻകൈെയടുത്ത് പനവൂരിൽ യോഗം വിളിച്ചു ചേർത്തിരുന്നു.ജീവനക്കാരാണ് യോഗത്തിൽ പങ്കെടുത്തത്.എന്നാൽ,ചെയർമാൻ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷാകർത്താക്കളിൽ ഒരുവിഭാഗം രംഗത്ത് വന്നു.250-ഓളം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും യോഗത്തിനെത്തിയിരുന്നു.സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി.ഒക്ടോബർ 6ന് ചെയർമാൻ കൂടി പങ്കെടുത്ത് വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച് വ്യക്തത വരുത്തുമെന്ന മാനേജ്‌മെന്റ് അധികൃതരുടെ ഉറപ്പിൽ രക്ഷാകർത്താക്കളും വിദ്യാർത്ഥികളും പിരിഞ്ഞുപോയി.