netto

തിരുവനന്തപുരം: സ്കൂളുകളിലെ അദ്ധ്യാപക നിയമന പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ശാഠ്യമാണെന്ന് തിരുവനന്തപുരം ലെത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ. ഭിന്നശേഷി സംവരണം പൂ‌ർത്തിയാക്കിയതിനുശേഷമേ എയ്ഡഡ് സ്കൂളുകളിൽ മറ്റ് അദ്ധ്യാപകരുടെ നിയമനം നടത്താവൂയെന്ന സർക്കാരിന്റെ തീരുമാനത്തിനെതിരെ കേരള കത്തോലിക്ക ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോരിച്ചൊരിയുന്ന മഴ അവഗണിച്ച് ആയിരക്കണക്കിന് അദ്ധ്യാപകർ അണിനിരന്നു

ഭിന്നശേഷിക്കാർക്ക് അർഹതയുള്ള സീറ്റ് മാറ്റിവെച്ചാൽ മതിയെന്നും ബാക്കി നിയമനങ്ങൾ നടത്താമെന്നും ഒരു സമുദായത്തിന് ലഭിച്ച ന്യായമായ കോടതി ഉത്തരവ് മറ്റ് സമുദായങ്ങളുടെയും സൊസൈറ്റികളുടെയും സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് മാനദണ്ഡമാക്കാത്തത് സർക്കാരിന്റെ നീതി നിഷേധവും വിവേചനവുമാണ്. കത്തോലിക്കാ മാനേജ്‌മെന്റുകൾ ഭിന്നശേഷി സംരക്ഷണനിയമം നടപ്പാക്കാൻ സന്നദ്ധമാണ്. അതു പൂർണമായും നടപ്പിലാക്കിയ ശേഷമേ മ​റ്റ് നിയമനം അംഗീകരിക്കുയെന്ന നിലപാടാണ് പ്രശ്നം. തിരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തിൽ അദ്ധ്യാപക സമൂഹത്തെ വെറുപ്പിച്ചുകൊണ്ടുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ആർച്ച് ബിഷപ് നെറ്റോ പറഞ്ഞു.

സർക്കാർ കടുത്ത അനീതിയാണ് കാട്ടുന്നതെന്നു കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. ഇടതു സർക്കാർ തൊഴിലാളികളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് ചെയ്ത ജോലിക്ക് കൂലികൊടുക്കാത്തത്. സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ബിഷപ് ആരോപിച്ചു.

തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ മോൺ.ഡോ.വർക്കി ആ​റ്റുപുറത്ത് വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അദ്ധ്യക്ഷത വഹിച്ചു. കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ഡയറക്ടർ ഫാ.ആന്റണി അറയ്ക്കൽ, ഫാ.സൈറസ് കളത്തിൽ, ഫാ.ആന്റണി മൂലയിൽ, ഫാ.ജോസഫ് അനിൽ, ഫാ.സെലിൻ ജോസ്, ജി.ബിജു, റോബിൻ മാത്യു, സി.എ.ജോണി, ബിജു പി.ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ 32 കത്തോലിക്കാ രൂപതകളിൽ നിന്നുള്ള അദ്ധ്യാപകർ പങ്കെടുത്തു.ഭാരവാഹികൾ മന്ത്രി ശിവൻകുട്ടിയെ സന്ദർശിച്ച് നിവേദനം നൽകി.