
തിരുവനന്തപുരം: തന്റെ ജീവിതം കൊണ്ട് ലോകമെമ്പാടുമുള്ള വിപ്ളവകാരികൾക്ക് മാതൃകയായ വ്യക്തിയായിരുന്നു പുഷ്പൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ് ദീർഘകാലം കിടപ്പിലാവുകയും സമീപകാലത്ത് മരിക്കുകയും ചെയ്ത പുഷ്പന്റെ സമഗ്രമായ ജീവചരിത്രം 'സഖാവ് പുഷ്പൻ"എന്ന പുസ്തകം എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പുഷ്പനെക്കുറിച്ച് പുസ്തകം തയാറാക്കാൻ മുൻകൈയെടുത്തവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആദ്യപ്രതി ഏറ്റുവാങ്ങി.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം, എ.എ. റഹിം എം.പി, മേയർ ആര്യ രാജേന്ദ്രൻ, പുഷ്പന്റെ സഹോദരൻ പി. പ്രകാശൻ, എഴുത്തുകാരൻ ഭാനുപ്രകാശ്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സെക്രട്ടറി വി.കെ. സനോജ്, യുവജന കമ്മിഷൻ ചെയർപേഴ്സൺ എം. ഷാജർ എന്നിവർ സംസാരിച്ചു.
പുഷ്പനുമായി ദീർഘകാലം അടുത്തിടപഴകിയ ഭാനുപ്രകാശാണ് പുസ്തകം രചിച്ചത്. മുഖ്യമന്ത്രിയുടെ അവതാരികയോടെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ യുവധാര പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.