paipe-

പാറശാല: പാറശാലയിൽ ദിനംപ്രതി പൈപ്പ് പൊട്ടലുകളും റോഡ് തകർച്ചയും തുടരുന്നത് കുടിവെള്ള ക്ഷാമത്തിന് പുറമെ അപകടങ്ങൾക്കും കാരണമാകുമ്പോൾ ബന്ധപ്പെട്ട അധികാരികൾ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നില്ലെന്ന് നാട്ടുകാർ.

ദേശീയപാതയിൽ പരശുവയ്ക്കൽ പെട്രോൾ പമ്പിന് മുന്നിലെ കൊടുംവളവിൽ കഴിഞ്ഞദിവസം രാത്രിയിൽ പൈപ്പ് പൊട്ടിയത് പ്രദേശത്തെ വീടുകളിലെ കുടിവെള്ള വിതരണം തടസപ്പെട്ടു. കൂടാതെ റബ്ബറൈസ്ഡ് ടാർ ചെയ്ത് ഭംഗിയാക്കിയിരുന്ന റോഡിന്റെ നടുവിലായി വൻ അപകടക്കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി തവണ പൈപ്പ് പൊട്ടലുകൾ നടന്നതിന് സമീപത്തായിട്ടാണ് ഇന്നലെ നടുറോഡിലായുള്ള പൈപ്പ് പൊട്ടൽ.

തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉയർന്ന മർദ്ദത്തിൽ പുറത്തേക്ക് ഒഴുകുന്ന വെള്ളം റോഡിലെ ടാർ കുത്തിയിളക്കി പുറത്തേക്ക് ഒഴുക്കുന്നുണ്ടെങ്കിലും ഇന്നലെ വൈകിട്ടുവരെയും പൊട്ടിയ പൈപ്പ് അടയ്ക്കുന്നതിനോ കൂട്ടിയോജിപ്പിക്കുന്നതിനോ വാട്ടർ അതോറിട്ടി അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

അൻപത് വർഷത്തിലേറെ കാലപ്പഴക്കം ചെന്ന എ.സി പൈപ്പുകൾ മാറ്റി പകരം കാസ്റ്റയൺ അഥവാ പി.വി.സി പൈപ്പുകൾ സ്ഥാപിക്കാൻ തയാറാകാത്തതാണ് അടിക്കടി പൈപ്പ് പൊട്ടുന്നതിനും കുടിവെള്ള തടസങ്ങൾക്കും റോഡ് തകർച്ചയ്ക്കും കാരണമാകുന്നത്.