വർക്കല: മഴയും വെള്ളക്കെട്ടും കാരണം ഗതാഗതം താറുമാറായതോടെ പി.എസ്.സി നടത്തിയ ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പുകളിലേക്കുള്ള പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതെ നിരവധി ഉദ്യോഗാർത്ഥികൾ വലഞ്ഞു. ശക്തമായ മഴയിൽ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ പരീക്ഷാ കേന്ദ്രങ്ങളിലേക്കെത്താൻ ബസ്, ഓട്ടോ, ടാക്സി വാഹനങ്ങൾ ലഭിക്കാതെയായതോടെ ഉദ്യോഗാർത്ഥികൾ ബുദ്ധിമുട്ടി. പരീക്ഷാകേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലായിരുന്നുവെങ്കിലും പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങിക്കിടന്നതോടെ നിശ്ചിത സമയത്ത് പലർക്കും എത്തിച്ചേരാനായില്ല. വൈകിയെത്തിയ ഉദ്യോഗാർത്ഥികളെ പ്രവേശിപ്പിച്ചതുമില്ല. പലരും പരീക്ഷ എഴുതാതെ തിരികെ മടങ്ങി. വാഹനങ്ങളൊന്നും ലഭിക്കാതെ മണിക്കൂറുകളോളം നടന്നിട്ടും പരീക്ഷ തുടങ്ങും മുമ്പ് പരീക്ഷാകേന്ദ്രത്തിലെത്താൻ കഴിഞ്ഞില്ലെന്ന് ഇടവ കാപ്പിൽ ചാമക്കുഴി എസ്.എസ്.മൻസിലിൽ ഫാത്തിമ സുൽഫിക്കർ നിരാശയോടെ പറഞ്ഞു. സാഹചര്യം പരിഗണിച്ച് വീണ്ടും പരീക്ഷ നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.