
കുളത്തൂർ: ഇന്നലെ പെയ്ത ശക്തമായ മഴയിൽ ആക്കുളം -മെഡിക്കൽ കോളേജ് ബെെപ്പാസ് റോഡിലേക്ക് ആക്കുളം കായൽ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായി. റോഡ് വെള്ളത്തിൽ മുങ്ങി. ഇതുവഴിയുള്ള ഗതാഗതം ഉച്ചവരെ നിലച്ചു. റോഡ് നിരപ്പിൽ നിന്നും നാലടി വരെ കായൽ വെള്ളം പൊങ്ങിയതോടെ നാട്ടുകാർ ആശങ്കയിലായി. ഈ ഭാഗത്തെ താഴ്ന്ന സ്ഥലങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. അതുവഴിവന്ന നിരവധി വാഹനങ്ങൾ വെള്ളം കയറി പ്രവർത്തനരഹിതമായി. വെള്ളത്തിൽ അകപ്പെട്ട പല വാഹനങ്ങളും നാട്ടുകാർ തള്ളി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സ്ഥലം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ജെ.സി.ബി ഉപയോഗിച്ച് മറ്റ് ഭാഗങ്ങളിലേക്ക് ചാലുണ്ടാക്കി വെള്ളം ഒഴുക്കിവിട്ടാണ് ഉച്ചയോടെ ഇതുവഴിയുള്ള വാഹനഗതാഗതം പുനഃസ്ഥാപിച്ചത്.