നെടുമങ്ങാട്: മുൻമന്ത്റി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ പ്രോസിക്യൂഷന് കനത്ത തിരിച്ചടി. കേസിൽ വിശ്വാസവഞ്ചന (409-ാം വകുപ്പ്) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം നെടുമങ്ങാട് മജിസ്ട്രേ​റ്റ് കോടതി തള്ളി.
തൊണ്ടിമുതലായ വസ്തുക്കൾ കേസിലെ രണ്ടാം പ്രതിക്ക് കൈമാറിയതിന് കൃത്യമായ രേഖകളോ,കൈമാറിയ ഉദ്യോഗസ്ഥനെ സാക്ഷിയാക്കിയതിന്റെ രേഖകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. രണ്ടാം പ്രതിയായ കോടതി ജീവനക്കാരൻ പൊതുസേവകന്റെ പട്ടികയിൽ വരുന്നതിനാൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള സർക്കാർ അനുമതിയും ഹാജരാക്കിയിട്ടില്ലെന്നും മജിസ്ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് പ്രോസിക്യൂഷൻ അപേക്ഷ തള്ളിയത്.
അഡ്വ.ശാസ്തമംഗലം അജിത്കുമാർ,അഡ്വ.കോവളം അജിത് കുമാർ എന്നിവരാണ് പ്രതികൾക്കുവേണ്ടി ഹാജരായത്. കേസ് ഒക്ടോബർ 3ന് വീണ്ടും പരിഗണിക്കും.