തിരുവനന്തപുരം: കരിമ്പിൻ ജ്യൂസ് മെഷീനിൽ കൈകുടുങ്ങി അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. കേശവദാസപുരം സ്മാർട്ട് ബസാർ ഷുഗർ ആൻഡ് ജ്യൂസ് എന്ന കരിമ്പിൻ ജ്യൂസ് വില്പനശാലയിലെ ജീവനക്കാരനായ അസാം സ്വദേശി ഗിലിസണിന്റെ(19) വലതുകൈപ്പത്തിയാണ് പകുതി വരെ മെഷീനിൽ കുടുങ്ങിയത്. ഒരു വിരൽ പൂ‌ർണമായും മുറിച്ചുമാറ്റേണ്ടിവന്നു. ഗിലിസൺ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 3.15ഓടെയാണ് സംഭവം. മെഷീൻ വൃത്തിയാക്കുന്നതിനിടെ കൈ അബദ്ധത്തിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ ചെങ്കൽചൂള ഫയർഫോഴ്സിൽ വിവരമറിയിച്ചു. സേനാംഗങ്ങൾ ആംഗിൾ ഗ്രൈൻഡർ, ഹൈഡ്രോളിക് കട്ടർ എന്നിവ ഉപയോഗിച്ച് കൈപ്പത്തി വിടുവിക്കുകയും സേനയുടെ വാഹനത്തിൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇവിടെ നിന്നും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇൻചാർജ് ഷാഫിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷഹീർ,പ്രദോഷ്,പ്രമോദ്,രാഹുൽ,മഹേഷ്,ബിജിൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ നന്ദകുമാർ,സുജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.