d

തിരുവനന്തപുരം : ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ വാട്ടർ ടാങ്കിലും നീന്തൽക്കുളത്തിലും അമീബ സാന്നിദ്ധ്യം. പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതോടെ കുളത്തിൽ കുളിച്ച 17വയസുകാരന്റെ രോഗബാധയുടെ ഉറവിടം വ്യക്തമായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗി സുഖം പ്രാപിക്കുകയാണ്.

നീന്തൽക്കുളത്തിലേക്ക് ജല അതോറിട്ടി പൈപ്പിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ടാങ്കിൽ ഒരു അമീബയും നീന്തൽക്കുളത്തിൽ രണ്ടുതരം അമീബയുമാണ് പരിശോധനയിൽ തെളിഞ്ഞത്. വാട്ടർ ടാങ്കിൽ അമീബ മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അമീബകളിൽ ഒന്നായ അക്കാന്ത അമീബയുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. എന്നാൽ നീന്തൽക്കുളത്തിൽ അക്കാന്ത അമീബയോടൊപ്പം മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന നേഗ്ലറിയ ഫൗലേറി എന്ന അമീയയെയും കണ്ടെത്തി.

സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്‌ക ജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണ്. പൂവാർ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥി ഓഗസ്റ്റ് 16നാണ് സുഹൃത്തുക്കളോടൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിലിറങ്ങിയത്. നീന്തൽക്കുളം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. രോഗകാരണമായ അമീബകളെ പൈപ്പ് വെള്ളത്തിലും കാണുന്നുണ്ട്. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിന്റെ ഉപയോഗം അപകടകരമാണ്. വെള്ളത്തിലെ ക്ലോറിനേഷൻ തോത് ഉയർത്തണമെന്ന് ആരോഗ്യ

വകുപ്പ് ആവശ്യപ്പെടുന്നു.