തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ മഴയിൽ തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങിയത് പതിവ് ഉദാഹരണങ്ങളിലൊന്ന്മാത്രം. മഴപെയ്താൽ നഗരം മുങ്ങുമെന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഫലപ്രദമായ പദ്ധതികൾ ഇതുവരെയില്ല. വെള്ളക്കെട്ട് ഒഴിവാക്കാൻ പഠനങ്ങൾ നടത്തിയെങ്കിലും അതും നടപ്പായില്ല. നഗരസഭയ വെള്ളം പൊങ്ങുമ്പോൾ മാത്രമാണ് കളത്തിലിറങ്ങുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രഖ്യാപിച്ച കേന്ദ്ര സംസ്ഥാന പദ്ധതികളെല്ലാം വെള്ളത്തിലായി.
പാഴായ പഠനങ്ങൾ
മുൻകാലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ നടത്തിയ പഠന റിപ്പോർട്ടുകൾ മുക്കിയാണ് നഗരസഭ ഐ.ഐ.ടി റൂർക്കിയുടെ സഹായത്തോടെ പുതിയ പഠനം നടത്തിയത്. അന്താരാഷ്ട്ര തലത്തിൽ പഠനം നടത്തുന്ന ഈ സ്ഥാപനം സർവേ നടത്തി പ്രശ്‌നവും പ്രതിവിധിയും ഉൾപ്പെടെ നിർദ്ദേശിച്ച് റിപ്പോർട്ട് നൽകുമെന്ന് പറഞ്ഞെങ്കിലും അതൊന്നുമായില്ല.
തകിടം മറിഞ്ഞ് മഴക്കാല പൂർവ ശുചീകരണം
നഗരത്തിൽ മഴക്കാല പൂർവ ശുചീകരണം തകിടം മറിഞ്ഞതും വെള്ളപ്പൊക്കത്തിന് പ്രധാന കാരണമാണ്. ശുചീകരണത്തിന്റെ ഭാഗമായി കോരിമാറ്റുന്ന മാലിന്യവും മണ്ണും നിക്ഷേപിക്കാൻ സ്ഥലമില്ലാത്തതാണ് പ്രശ്നമായത്. അതത് വാർഡുകളിൽ കൗൺസിലർമാർ തന്നെ സ്ഥലം കണ്ടെത്തി മാലിന്യം നിക്ഷേപിക്കുകയായിരുന്നു. എന്നാൽ മിക്ക വാർഡുകളിലും സ്ഥലം കണ്ടെത്താനായില്ല. ഇവിടെയെല്ലാം കോരിയ മണ്ണ് ഓടയുടെ വശങ്ങളിൽ തന്നെ നിക്ഷേപിച്ചു. ഇതു പിന്നീട് പെയ്ത മഴയിൽ ഓടയിലേക്ക് തന്നെ ഒലിച്ചിറങ്ങി.
വെള്ളക്കെട്ട് മാത്രം
നഗരത്തിലെ പ്രധാന തോടുകളായ പാർവതി പുത്തനാർ, ആമയിഴഞ്ചാൻ തോട്, കരിയിൽതോട് എന്നിവയിലെ മാലിന്യവും മണ്ണും പൂർണമായി നീക്കിയിട്ടില്ല.
മാഞ്ഞാലിക്കുളം,ചാല മാർക്കറ്റ് റോഡ്,ഇടപ്പഴിഞ്ഞി - ജഗതി റോഡ്, കണ്ണമ്മൂല പാലം, ഈഞ്ചയ്‌ക്കൽ - വള്ളക്കടവ്, കമലേശ്വരം - തിരുവല്ലം, കുണ്ടമൺകടവ് - കരിംകുളം,കലാകൗമുദി റോഡ്,ഗൗരീശപട്ടം,പൈപ്പിൻമൂട് - ഗോൾഫ് ലിങ്ക്സ് റോഡുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ അഞ്ച് സെന്റിമീറ്റർ വരെ വെള്ളം ഉയരാറുണ്ട്. റോഡിന്റെ ചരിവുകൾ ഒരുപോലെയല്ലാത്തതാണ് കാരണം.ഇവിടത്തെ ഓടകൾ പുനർനിർമ്മിക്കണം.
ചെറിയ മഴ പെയ്‌താൽ പോലും മണക്കാട് കമലേശ്വരം റോഡിൽ വെള്ളം ഉയരും.
പാർവതി പുത്തനാറിൽ ചേരുന്ന തെക്കനക്കര കനാലിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടു. ഇത് ഒരുവിധം പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് നഗരസഭയുടെ വാദം
എങ്ങുമെത്താതെ 200 കോടി
നഗരത്തിലെ 200 കോടിയുടെ വെള്ളക്കെട്ട് പരിഹാര പദ്ധതി നടപ്പാക്കാൻ കേന്ദ്ര പദ്ധതിയും തീരുമാനമായില്ല. കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ വിവിധ വകുപ്പുകളും നഗരസഭയും നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. കേരള ദുരന്ത നിവാരണ അതോറിട്ടിക്കാണ് ഏഴ് വകുപ്പുകൾ നിർദ്ദേശം നൽകിയത്.
വഞ്ചിയൂരും പനവിളയും വെള്ളപ്പൊക്കമില്ല
വഞ്ചിയൂർ മുതൽ ഉപ്പിടാംമൂട് വരെയും പനവിള മുതൽ ബേക്കറി ജംഗ്ഷൻ വരെയും വെള്ളപ്പൊക്ക പ്രതിരോധത്തിന് വേണ്ടി ചെയ്ത പദ്ധതി വിജയമായിരുന്നു. വഞ്ചിയൂരിൽ നിർമ്മിച്ച ബോക്‌സ് ഓടയുടെ മുകളിൽ കൂടിയാണ് ഇപ്പോൾ റോഡുള്ളത്. പനവിള ബേക്കറി റോഡിന്റെ താഴെ വശത്തും ഓട ഒഴുകുന്നുണ്ട്. ഇവിടെ ഒഴുക്ക് സുഗമമായതിനാൽ വെള്ളക്കെട്ട് ഭീഷണിയില്ല.