kappil-beach

പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

വർക്കല: കടലും കായലും ഒന്നിക്കുന്ന പ്രകൃതിയുടെ സൗന്ദര്യമാണ് കാപ്പിൽ തീരത്തെ മനോഹരമാക്കുന്നത്.

പ്രകൃതിഭംഗി ആസ്വദിക്കാൻ നിത്യേന ഇവിടെയെത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. കാര്യമായ സുരക്ഷയോ അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. രാത്രികാലങ്ങളിൽ മതിയായ വെളിച്ചം ഉറപ്പുവരുത്തി അടിസ്ഥാന വികസനം ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അധികൃതരും തയ്യാറായിട്ടില്ല. അത്യന്തം ഭീകരമായ അന്തരീക്ഷമാണ് വെളിച്ചമില്ലായ്മ മൂലം സഞ്ചാരികൾ അനുഭവിക്കുന്നത്. ലഹരി മാഫിയാ സംഘങ്ങൾ പ്രദേശത്ത് സജീവമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അധികൃതർ ഇടപെട്ട് കാപ്പിൽ ടൂറിസം മേഖലയിൽ വികസനം നടപ്പാക്കണമെന്നും സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ലഹരി ലോബികൾ സജീവം

ഇരുട്ട് വീണാൽ ലഹരി വില്പനയും ഉപയോഗവും നിരവധിയാണെന്ന് നാട്ടുകാർ പറയുന്നു. പ്രധാന റോഡ് മുതൽ കാപ്പിൽ പൊഴിവരെയുള്ള മുക്കാൽ കിലോമീറ്റർ പലയിടങ്ങളിലായി ലഹരി ലോബികൾ സജീവമാണ്. കമിതാക്കളായി ഇവിടേക്കെത്തി ലഹരി വില്പന നടത്തിയ സംഘത്തെ പൊലീസ് പിടികൂടിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇരുളടഞ്ഞ ടൂറിസം

കടൽത്തീരത്ത് സ്ഥാപിച്ചിട്ടുള്ള ഇരുപതോളം ഇരുമ്പ് വൈദ്യുത പോസ്റ്റുകൾ തുരുമ്പെടുത്ത് നശിച്ചു. ഇവയിൽ ലൈറ്റുകൾ ഒന്നും തന്നെയില്ല. ആഭ്യന്തര ടൂറിസത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടനവധിപേർ ഇവിടെ എത്തുന്നുണ്ട്. കുടുംബമായി നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിച്ചിട്ടുണ്ട്.

എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം

അയിരൂർ, പരവൂർ സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകൾ പ്രധാനറോഡിലൂടെ കടന്നുപോകുന്നതല്ലാതെ പ്രദേശത്ത് പട്രോളിംഗ് ഉൾപ്പെടെയുള്ള ഒരു സംവിധാനവുമില്ല. പൊലീസ് എയ്ഡ്പോസ്റ്റ് സംവിധാനം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.

നാടിനെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ സംഭവിക്കും വരെ നടപടികൾ കൈക്കൊള്ളില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. മതിയായ സുരക്ഷ ഉറപ്പുവരുത്തി ടൂറിസം വികസനം സാദ്ധ്യമാക്കണം.