നേമം: അങ്കണവാടി അദ്ധ്യാപിക രണ്ടര വയസുകാരിയുടെ മുഖത്തടിച്ച സംഭവത്തിൽ,​അങ്കണവാടി ജീവനക്കാ‌ർ വിവരം അന്വേഷിക്കാൻ പോലും തയ്യാറായില്ലെന്ന് പരാതി.അദ്ധ്യാപികയോ ആശാവർക്കറോ ആയയോ കുട്ടിയെ കാണാനെത്തുകയോ വിവരം തിരക്കുകയോ ചെയ്തില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.ഇത് കുറ്റബോധം കൊണ്ടാണെന്നും കുടുംബം ആരോപിച്ചു.

അതേസമയം, വനിതാ ശിശുവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കുട്ടിയെ കാണുകയും രക്ഷിതാക്കളോട് വിവരം അന്വേഷിക്കുകയും ചെയ്തു.നരുവാമൂട് പൊലീസ് കേസെടുത്തതിന്റെ ഭാഗമായി മാതാപിതാക്കളുടെ മൊഴിയെടുത്തു. കുട്ടിയെ കൂടുതൽ പരിശോധനയ്ക്കായി ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രി ഇ.എൻ.ടി വിഭാഗത്തിലെത്തിക്കും.

മൊട്ടമൂട് പറമ്പുംകോണം അങ്കണവാടിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഷെറിൻ നിവാസിൽ പ്രവീൺ - നാൻസി ദമ്പതികളുടെ ഏക മകൾക്കാണ് മർദ്ദനമേറ്റത്. അദ്ധ്യാപിക മച്ചേൽ സ്വദേശി പുഷ്പകലയെ വനിതാ ശിശുവികസന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.