പാലോട്: പ്രതികൂല കാലാവസ്ഥയിലും റബർ ടാപ്പിംഗ് ജോലികൾ പുരോഗമിക്കുകയാണെങ്കിലും വിലയിടിവ് പ്രധാന പ്രതിസന്ധിയാണ്. ശക്തമായ മഴ പ്രതിസന്ധിയായെങ്കിലും ഗ്രാമീണ മേഖലയിൽ റബർ ടാപ്പിംഗിന് മുടക്കമില്ല. പതിനായിരക്കണക്കിന് പേരുടെ ഉപജീവനമാർഗം കൂടിയായാണ് റബർ കൃഷി. ഇപ്പോൾ റബർ ടാപ്പിംഗ് മുറയ്ക്ക് നടക്കുമ്പോൾ വിൽക്കുവാൻ കഴിയാതെ നട്ടം തിരിയുകയാണ്. വീടുകളിൽ കിലോകണക്കിന് റബർ ഷീറ്റും, ഒട്ടു പാലും കെട്ടിക്കിടക്കുകയാണ്. ചെറുകിട റബർ കർഷകരുടെ അവസ്ഥയും വിഭിന്നമല്ല. റബർ മരങ്ങൾ പാട്ടത്തിനെടുത്തവരുടെയും നട്ടെല്ലോടിഞ്ഞിരിക്കുകയാണ്. റബർ വിലയിടിവ് കർഷകർക്ക് കനത്ത തിരിച്ചടിയാണ്. കൂലി കൊടുക്കുവാൻ കഴിയാതെ വന്നതോടെ ചിലയിടങ്ങളിൽ ടാപ്പിംഗ് മുടങ്ങുന്നുമുണ്ട്.
റബർ ഒരു കിലോക്ക് 200രൂപ വരെ വിലയുണ്ടായിരുന്നു. ഇപ്പോ 175-180 വരെയെത്തി. റബർ പാലിന്റെ (ലാറ്റക്സ്) വില 190ൽ നിന്നും 165-170 രൂപയിലേക്ക് താഴ്ന്നു. കർഷകന് ലഭിക്കുന്നത് 160 രൂപയോളമായി.
വിലയിടിവ് പ്രശ്നമായി
റബർ കടകളുടെ നടത്തിപ്പുകാരും പ്രതിസന്ധിയിലാണ്. വില വർദ്ധനവ് വന്നപ്പോൾ ശേഖരിച്ച റബർ, വിലയിടിവിനെ തുടർന്ന് വിൽക്കാൻ കഴിയാത്ത നിലയിലായി. ലക്ഷങ്ങളുടെ കടബാദ്ധ്യതയാണ് ഓരോ ചെറുകിട വ്യാപാരിക്കുമുള്ളത്. റബർ വ്യാപാരിവാങ്ങുന്ന റബർ ഗോഡൗണുകളിലെത്തിച്ച് ടയർ കമ്പനികൾ വില നിശ്ചയിച്ചു വാങ്ങുകയാണ് പതിവ്. വില കുറഞ്ഞതോടെ ട്രാൻസ്‌പോർട്ടിംഗ് നിലച്ചു. ഗോഡൗണുകളിലും പതിനായിരക്കണക്കിന്കിലോ റബർ കെട്ടിക്കിടപ്പുണ്ട്.