
തിരുവനന്തപുരം: ശബരിമലയിലെ പീഠം ഒളിപ്പിച്ചയാൾ തന്നെ അത് കണ്ടില്ലെന്ന് പരാതി പറഞ്ഞതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വംമന്ത്രി വി.എൻ.വാസവൻ. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്ന് പീഠം കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. പരാതിക്കാരനാണ് തന്റെ വീട്ടിൽ പീഠം എത്തിച്ചതെന്ന് സഹോദരി സാക്ഷ്യപ്പെടുത്തിയ സാഹചര്യത്തിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വാക്കുകളെ വിശ്വസിക്കാനാവില്ല. ഇതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുവരേണ്ടതുണ്ടെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
ദേവസ്വം വിജിലൻസ് കോടതിക്ക് റിപ്പോർട്ട് നൽകിക്കഴിഞ്ഞു. ശബരിമലയിലെ വസ്തുവകകൾ സംബന്ധിച്ച കണക്കെടുത്ത് മൂല്യനിർണയം നടത്താനുള്ള കോടതി നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. ശബരിമലയിലെ എല്ലാ കാര്യങ്ങളും സുതാര്യമായാണ് നടക്കുന്നത്.
ഉണ്ണികൃഷ്‌ണൻ പോറ്റിക്കെതിരെ നിയമനടപടി:ദേവസ്വംബോർഡ്
തിരുവിതാംകൂർ ദേവസ്വംബോർഡിനെ സംശയത്തിന്റെ നിഴലിൽ നിറുത്തിയ ഉണ്ണികൃഷ്‌ണൻ പോറ്റിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ശബരിമല പീഠം കാണാതായതുമായി ബന്ധപ്പെട്ട് നിലവിലെ കോടതി നടപടികൾ പൂർത്തിയായശേഷം അതിലേക്ക് കടക്കും.
സ്വർണ പീഠം കാണാനില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്‌ണൻ പോറ്റി അയ്യപ്പസംഗമത്തിന് അഞ്ച് ദിവസം മുൻപ് ആരോപണം ഉന്നയിച്ചതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്നതിലൂടെ ആഗോള അയ്യപ്പസംഗമത്തിന്റെ പ്രഭ കെടുത്തുകയായിരുന്നു ലക്ഷ്യം. ഗൂഢാലോചനയുടെ ഭാഗമായി ഉണ്ണികൃഷ്‌ണൻ പോറ്റി ഈ പ്രസ്താവന നടത്തിയതിന് ശേഷമാണ് ബി.ജെ.പി നേതാക്കളും പ്രതിപക്ഷ നേതാവും ദേവസ്വം ബോർഡിനെതിരെ ആരോപണം ഉന്നയിക്കുകയും പ്രസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദ്വാരപാലക പീഠം പിടിച്ചെടുത്തെന്ന് ദേവസ്വം വിജിലൻസ്
കാണാതായ ശബരിമലയിലെ ദ്വാരപാലക ശില്പ പീഠങ്ങൾ സ്പോൺസറായ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സഹോദരി മിനിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതായി ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ ഹൈക്കോടതിയെ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. സ്വർണപ്പാളികൾ അറ്റകുറ്റപ്പണി തീർത്ത് സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.
സ്വർണപ്പാളി കേസിന്റെ പ്രാഥമിക അന്വേഷണ വിവരങ്ങളും വിജിലൻസ് കോടതിയെ അറിയിച്ചു.
വിഷയം ദേവസ്വം ഉദ്യോഗസ്ഥർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് കോടതി വിലയിരുത്തി. സ്വർണപീഠങ്ങൾ സ്പോൺസറുടെ സഹോദരിയുടെ വീട്ടിൽ കണ്ടുവെന്നത് ഇതിന് തെളിവാണ്. ഇവ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറിയതിന്റെ രേഖകളുമില്ല.
ശബരിമല സ്വർണപ്പാളികൾ 17ന് പുനഃസ്ഥാപിക്കും
ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഹൈക്കോടതി അനുമതിയും താന്ത്രിക അനുമതിയും ലഭിച്ചതോടെയാണിത്. പാളികൾ അറ്റകുറ്റപ്പണികൾക്ക് ശേഷം ശബരിമല സന്നിധാനത്തെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. ശ്രീകോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.