sndeep

വിതുര: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ആറംഗ കുടുംബത്തെ, വീട്ടിൽ നിന്ന് ഇറക്കിവിട്ട് ജപ്തി നടത്തിയതായി പരാതി. വിതുര കൊപ്പം ജംഗ്ഷനിൽ ഗ്ലാസ് കട നടത്തുന്ന കൊപ്പം സന്ദീപ് ഭവനിൽ സന്ദീപിനെയും കുടുംബത്തെയുമാണ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യബാങ്ക് ജപ്തി നടപടികൾക്ക് വിധേയമാക്കിയത്. പത്ത് വയസുള്ള ക്യാൻസർ ബാധിതനായ കുട്ടിയെയടക്കം പുറത്താക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പൊലീസിന്റെ സഹായത്തോടെയെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം വീട് പൂട്ടി നോട്ടീസ് പതിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്തുകയറ്റി. ജപ്തിനടപടികളിൽ നിന്ന് തത്കാലം പിന്മാറണമെന്നും, സാവകാശം നൽകണമെന്നുമാവശ്യപ്പെട്ട് സന്ദീപ് ബാങ്ക് മാനേജർക്ക് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല. 2019ൽ കടയും വീടും സ്ഥലവും പണയപ്പെടുത്തി ബസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ആദ്യമൊക്കെ മുടങ്ങാതെ അടച്ചിരുന്നു.എന്നാൽ കൊവിഡ് സമയത്ത് തിരിച്ചടവ് മുടങ്ങി.കൊവിഡിനുശേഷം തിരിച്ചടവ് വീണ്ടും ആരംഭിച്ചെങ്കിലും,ഒരുവർഷം മുൻപ് ഇളയമകന് ക്യാൻസർ സ്ഥിരീകരിച്ചതോടെ തിരിച്ചടവ് വീണ്ടും മുടങ്ങി.

വീടും സ്ഥലവും വിറ്റ് പണം നൽകാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് ജപ്തിനടപടികളിലേക്ക് കടക്കുകയായിരുന്നു. ലോൺ കുടിശികയുടെ പേരിൽ വീട് ജപ്തി നടത്തരുതെന്ന് മുഖ്യമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സന്ദീപിന്റെ കുടുംബത്തിന് നിയമസഹായം ലഭ്യമാക്കുമെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.