p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെയും ജീവനക്കാരുടെയും എല്ലാ ദുരിതവും പരിഹരിക്കാനുള്ള തീരുമാനം അടുത്ത് വരുന്ന യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ക്യാബിനറ്റിൽ തന്നെ ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. ടി.ഡി.എഫിന്റെ നേത്യത്വത്തിൽ കെ.എസ്.ആർ.ടി.സി തൊഴിലാളികൾ നിയമസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളി സർക്കാരെന്ന് പറഞ്ഞു അധികാരത്തിൽ വന്ന ഇടതു സർക്കാർ ബോധപൂർവ്വം കെ.എസ്.ആർ.ടി.സിയെ തകർക്കുകയും ജീവനക്കാരെ പീഡിപ്പിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധാവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് നടത്തിയത്. മാർച്ചിനിടെ നടന്ന സംഘർഷത്തിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നാല് ടി.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആയിരക്കണക്കിന് പുതിയ ബസുകളും ഇരുപതിനായിരത്തോളം പുതിയ നിയമനങ്ങളും നടന്ന കെ.എസ്.ആർ.ടി.സിയിൽ ആകെ ഇരുന്നൂറോളം ബസുകൾ മാത്രമാണ് പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വാങ്ങിയതെന്നും പുതിയ നിയമനങ്ങൾ ഒന്നുപോലും നടത്തിയില്ലെന്ന് മാത്രമല്ല 9000 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ ആരോപിച്ചു. ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എം,എൽ,എ അദ്ധ്യക്ഷനായിരുന്നു. ടി.ഡി.എഫ് ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാർ, സംസ്ഥാന നേതാക്കളായ ഡി.അജയകുമാർ, ടി.സോണി, മുരുകൻ, സന്തോഷ് കുമാർ, അനിൽകുമാർ, ദീപു ശിവ, ഷിബു, രാജേഷ്, ഗ്ലാഡ്സൺ, മണി, ശ്രീകുമാർ, സിജി, മനോജ്, ഷൗക്കത്തലി, നൗഷാദ്, അലിയാർ, പ്രദീപ്, ജയകുമാരി തുടങ്ങിയവർ സംസാരിച്ചു.