10 വർഷത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കോൺഗ്രസ് നേതാവ്
കൽപ്പറ്റ: മുള്ളൻകൊല്ലിയിലെ വാർഡ് മെമ്പറുംകോൺഗ്രസ് നേതാവുമായ ജോസ് നല്ലേടത്തിന്റെ ആത്മഹത്യ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിൽ ആക്കി. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് കഴിഞ്ഞ 10 വർഷത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കോൺഗ്രസ് നേതാവാണ് ജോസ് നെല്ലേടം. നിരപരാധിയെ ജയിലിൽ അടച്ച സംഭവത്തിലെ വിവാദം കെട്ടടങ്ങും മുൻപ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. ജില്ലയിലെ കോൺഗ്രസ് നേതൃത്തത്തിനെതിരെ ശക്തമായ നടപടിക്ക് കെ.പി.സി.സി ഒരുങ്ങുകയാണ്. നേതാക്കൾ കുറ്റക്കാരാണന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ്‌പോര് കൈവിട്ട കളിയിലേക്ക് നീങ്ങുന്നത് കെ.പി.സി.സിയെയും ഞെട്ടിച്ചിട്ടുണ്ട്. ഒന്നിന് പുറകെ ഒന്നായി വയനാട്ടിലെ കോൺഗ്രസ് ആരോപണങ്ങളിൽ പെടുകയാണ്. ഇത് വ്യക്തമാക്കുന്നതാണ് അനുദിനം പുറത്തുവരുന്ന സംഭവങ്ങൾ. കോൺഗ്രസ് പ്രാദേശിക നേതാവ് തങ്കച്ചന്റെ വീട്ടിൽ മദ്യവും തോട്ടയും കൊണ്ടുവെച്ച് ജയിലിൽ അടപ്പിച്ച സംഭവത്തിലെ വിവാദം കെട്ടടങ്ങും മുൻപ് കേസിലെ ആരോപണ വിധേയരിൽ ഒരാളായ ജോസ് നെല്ലിടത്തിന്റെ ആത്മഹത്യ കൂടുതൽ പ്രതിസന്ധിയായി. വയനാട്ടിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉയർന്നുകേൾക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ 10 വർഷത്തിനിടയിലെ നാലാമത്തെ സംഭവമാണിത്. മാനന്തവാടിയിലെ ബ്ലോക്ക് പ്രസിഡന്റ് പി.വി. ജോണിന്റെ ആത്മഹത്യ നേതൃത്വത്തിനെതിരെ കുറിപ്പ് എഴുതിവെച്ചശേഷമായിരുന്നു. പാർട്ടി ഓഫീസിലാണ് പി.വി ജോൺ ആത്മഹത്യ ചെയ്തിരുന്നത്. അതിനുശേഷം പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനെ തുടർന്ന് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തു. ഇതേതുടർന്ന് ഉയർന്നുവന്ന ആരോപണത്തിനിടയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ അബ്രഹാമിന് രാജിവെക്കേണ്ടിവന്നു. പിന്നീട് ഏറെ കോളുകൾക്കും സൃഷ്ടിച്ച ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെയും മകന്റെയും ആത്മഹത്യ. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർ ഒന്നും രണ്ടും പ്രതികളായാണ് കേസിൽ ഉൾപ്പെട്ടത്. കോൺഗ്രസിനെ വലിയ നാണക്കേട് ഉണ്ടായതോടെ ഇരുവർക്കും എതിരെ പാർട്ടി അന്വേഷണ കമ്മിഷനെ വെച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെട്ട അന്വേഷണ സമിതിയാണ് കേസിൽ പാർട്ടിക്കുവേണ്ടി അന്വേഷിച്ചത്. എന്നാൽ ഒരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല എൻ.എം. വിജയന്റെ കുടുംബത്തെ സഹായിക്കാനും തയ്യാറായില്ല. ഇതിന് പിന്നാലെ ജോസ് നെല്ലിടത്തിന്റെ ആത്മഹത്യയും പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കി. തദ്ദേശ ഭരണ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ ഇത്തരത്തിലുള്ള വിവാദങ്ങൾ കോൺഗ്രസിന് മാത്രമല്ല യു.ഡി.എഫിനെയും സാരമായി ബാധിക്കും. വയനാട് എം.പി പ്രിയങ്ക ഗാന്ധിയേയും വിഷയം കാര്യമായിത്തന്നെ ബാധിക്കും.