കൽപ്പറ്റ: സഹകരണ പെൻഷൻ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കേരള സഹകരണ സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 30ന് നടത്തുന്ന നിയമസഭാ മാർച്ച് വിജയിപ്പിക്കണമെന്ന് സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. കേരളത്തിലെ സഹകരണ മേഖലയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുക്കുവാൻ രാപ്പകലില്ലാതെ അദ്ധ്വാനിച്ചവരാണ് ഇന്നത്തെ സഹകരണ പെൻഷൻകാർ. ദീർഘ കാലത്തെ സമരങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ശേഷമാണ് ഈ മേഖലയിൽ പെൻഷൻ നടപ്പിലാക്കിയത്. സഹകരണ ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത നൽകിക്കൊണ്ടിരിക്കുമ്പോൾ സഹകരണ പെൻഷൻകാർക്ക് മാത്രം ക്ഷാമബത്ത നൽകാൻ കഴിയില്ല എന്ന വിചിത്ര നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ കേളപ്പൻ അദ്ധ്യക്ഷനായി. സെക്രട്ടറി എ. ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം ഗോപാലകൃഷ്ണൻ, പി. വിജയകുമാരൻ നായർ, ടി.കെ വിശ്വനാഥൻ, പി.പി സുനിൽകുമാർ , കെ.ജി മോഹൻദാസ്, പി.കെ ബാബുരാജ്, കെ.ആർ ശിവശങ്കരൻ , ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.