കൽപ്പറ്റ: കോൺഗ്രസ് പാർട്ടി പറഞ്ഞാൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്നവരാണെന്ന് ഒരിക്കൽ കൂടെ ബോധ്യപ്പെട്ടിരിക്കുകയാണെന്ന് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. കോൺഗ്രസ് പാർട്ടി എൻ.എം.വിജയന്റെ ബാധ്യതകൾ ഏറ്റെടുത്ത് പരിഹരിച്ചത് പോലെ ബ്രഹ്മഗിരിയിലെ നിക്ഷേപകരുടെയും സഹകാരികളുടെയും ബാധ്യത സി.പി.എം പരിഹരിക്കാൻ തയ്യാറാകണമെന്നും എം.എൽ.എ പറഞ്ഞു. ബ്രഹ്മഗിരിയിലെ സഹകാരികളെ കുറിച്ച് തുടർച്ചയായി ചോദിച്ചിട്ടും ഒരക്ഷരം ഉരുവിടാതെ സ്വന്തം പാർട്ടി നേതൃത്വം കൊടുത്ത അഴിമതിയെ വെള്ളപൂശി സി.പി.എം നേതൃത്വവും സ്വീകരിക്കുന്ന മൗനം ദുരൂഹമാണ്. എൻ.എം വിജയന്റെ ബാധ്യത കോൺഗ്രസ് ഏറ്റെടുത്ത് പരിഹരിച്ചില്ലെങ്കിൽ തങ്ങൾ അത് നിർവഹിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററുടെയും, എം.വി. ജയരാജന്റെയും പ്രസ്താവന വന്നിരുന്നു. ബ്രഹ്മഗിരിയിലെ സ്വന്തം പാർട്ടിക്കാരുടെ ബാധ്യതയെങ്കിലും ഏറ്റെടുത്ത് പരിഹരിക്കാനുള്ള മിനിമം രാഷ്ട്രീയ സംഘടന ധാർമികത പുലർത്താൻ ഇവർ തയ്യാറാകണം. സി.പി.എം ജില്ലാ സെക്രട്ടറി ഒരക്ഷരം ഉരിയിടാത്തത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്. ബ്രഹ്മഗിരിയിൽ പാർട്ടിക്ക് വേണ്ടി വിറക് വെട്ടിയും വെള്ളം കോരിയും പ്രവർത്തിച്ച സാധാരണക്കാരായ സി.പി.എം നിക്ഷേപകരുടെ നിക്ഷേപം മക്കളുടെ വിവാഹത്തിനും, ആശുപത്രി ചികിത്സക്ക് പോലും തിരിച്ചു കൊടുക്കാൻ കഴിയാതെ എ.കെ.ജി സെന്ററിൽ വന്ന് ആത്മഹത്യ ചെയ്യേണ്ടിവരും എന്നു പറയുന്ന ഗതികേടിലേക്ക് സ്വന്തം പാർട്ടി പ്രവർത്തകരെന്ന് എം.എൽ.എ പറഞ്ഞു.