കൽപ്പറ്റ: വയനാട് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് കൂടുതൽ കാലം പ്രവർത്തിച്ചാണ് എൻ.ഡി അപ്പച്ചൻ പടിയിറങ്ങുന്നത്. രണ്ട് ഘട്ടങ്ങളിലായി 16 വർഷമാണ് വയനാട് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത്. 1991ൽ സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമെത്തുന്നത്. പിന്നീട് തുടർച്ചയായി 12 വർഷം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിരുന്നു. 2002 ൽ സ്ഥാനം ഒഴിഞ്ഞു. പിന്നീട് 2021 ഓഗസ്റ്റ് നാലിന് വീണ്ടും ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സംസ്ഥാനത്തുതന്നെ ഏറ്റവും സീനിയർ ഡി.സി.സി പ്രസിഡന്റ് ആയിരുന്നു എൻ.ഡി അപ്പച്ചൻ. പ്രായത്തിന്റെ അവശതകൾ മറന്ന് തുടർച്ചയായി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും തിരഞ്ഞെടുപ്പുകൾക്ക് ഉൾപ്പെടെ നേതൃത്വം നൽകി. ആദ്യം ഐ ഗ്രൂപ്പിന്റെയും പിന്നീട് എ ഗ്രൂപ്പിന്റെയും ഭാഗമായിരുന്നു. ഐ ഗ്രൂപ്പിന്റെ ഭാഗമായിരിക്കെ സുൽത്താൻ ബത്തേരി എം.എൽ.എയായി. വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കെ. മുരളീധരന് മത്സരിക്കാനായി രാജിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അപ്പച്ചൻ സന്നദ്ധനായിരുന്നില്ല. തുടർന്നാണ് ഐ ഗ്രൂപ്പുമായി പിണങ്ങിയത്. വയനാട് ജില്ലയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാവാണ് അപ്പച്ചൻ. മുൻ ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യ, കോൺഗ്രസ് പ്രാദേശികനേതാവ് തങ്കച്ചന്റെ വീട്ടിൽ സ്‌ഫോടക വസ്തുക്കളും മദ്യവും കൊണ്ടുവച്ച കേസിൽ സംശയിച്ചിരുന്ന ജോസ് നെല്ലടത്തിന്റെ ആത്മഹത്യ, എൻ.എം വിജയന്റെ മരുമകൾ പത്മജയുടെ ആത്മഹത്യാശ്രമം തുടങ്ങിയ വിഷയങ്ങളിൽ തുടർച്ചയായി വിവാദത്തിൽ പെട്ടതോടെയാണ് ഒടുവിൽ രാജിവയ്ക്കേണ്ടി വന്നത്. എൻ.എം വിജയന്റെ കേസിൽ പ്രതിയാവുകയും ചെയ്തിരുന്നു. വയനാട് ജില്ലയിലെ ശക്തമായ ഗ്രൂപ്പ് പ്രവർത്തനം നേതൃത്വത്തിന് പോലും നിയന്ത്രിക്കാൻ കഴിയാത്ത വിധം വളർന്നിരുന്നു.