മാനന്തവാടി: പുലിയുടെ ആക്രമണത്തിൽ വിദ്യാത്ഥിയ്ക്ക് പരിക്ക്. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കാരമാട് ഉന്നതിയിലെ ഷിനീഷിനാണ് (14) പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.15 നാണ് സംഭവം. കൂട്ടുകാരുമൊന്നിച്ച് വീട്ടിൽ നിന്ന് ഇരുന്നൂറ് മീറ്റർ അകലെയുള്ള തോട്ടിൽ കുളിക്കാൻ പോയി തിരിച്ച് വരുന്നതിനിടെയാണ് പുലി ആക്രമിച്ചത്. കടുവയെ കണ്ടതായും ഷിനീഷും സുഹൃത്തുക്കളും പറഞ്ഞു. എന്നാൽ വനം വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നോർത്ത് വയനാട് ആർ.ആർ.ടി സംഘം പ്രദേശത്ത് നടത്തിയ തെരച്ചിലിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവയുടെയും പുലിയുടെയും സാന്നിദ്ധ്യമുള്ള പ്രദേശം കൂടിയാണ്. വന്യമൃഗ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതിനായി വനം വകുപ്പ് രണ്ട് ക്യാമറകൾ സ്ഥാപിച്ചു. ഇടതുകൈയ്ക്കും പുറത്തും വയറ്റിലും പരിക്കേറ്റ ഷിനീഷിനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാട്ടിക്കുളം ജി.എച്ച്.എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
.