തോൽപ്പെട്ടി: വനമധ്യത്തിലൊരു ചിത്രശലഭ ഉദ്യാനം പദ്ധതി ഉദ്ഘാടനം ചെയ്തു. തോൽപ്പെട്ടി അസിസ്റ്റന്റ് വാർഡൻ ഷിബു കുട്ടൻ, ജില്ലാ പഞ്ചായത്ത് ബി.എം.സി കൺവീനർ ടി.സി. ജോസഫ് എന്നിവർ ചേർന്ന് തൈ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. തോൽപെട്ടി വൈൽഡ് ലൈഫ് ഡിവിഷൻ ബേഗൂർ ഓഫീസ് പരിസരത്ത് ചിത്രശലഭ ഉദ്യാനത്തിനായുള്ള വിവിധ ഇനം പൂച്ചെടികളും സസ്യങ്ങളും നട്ടു. കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി കേഡറ്റുകൾ ഫോറസ്റ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഫേൺസ് എന്ന സഘടനയാണ് തൈകൾ സ്‌പോൺസർ ചെയ്തത്. ഫേൺസ് ഭാരവാഹികളായ പി.എ അജയൻ, പി.എ അരുൺ എന്നിവരാണ് ക്ലാസ് നയിച്ചത്. ടി.സി. ജോസഫ് അദ്ധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഷിബു കുട്ടൻ, സി.പി.ഒ. ജോയ് അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു. എ.സി.പി.ഒ സിനി വർഗ്ഗീസ് സ്വാഗതവും എസ്.പി.സി. കേഡറ്റ് അനയ് ശ്രീജിത്ത് നന്ദിയും പറഞ്ഞു.