ആലപ്പുഴ: സംസ്ഥാനത്തെ റവന്യു ഓഫീസുകൾ സ്മാർട്ടാക്കാൻ 54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. 32 വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിട നിർമ്മാണത്തിനും 111 വില്ലേജ് ഓഫീസുകളുടെയും 19 റവന്യു ഓഫീസുകളുടെയും നവീകരണത്തിനുമായാണിത്. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസുകൾക്കാണ് 50ലക്ഷം രൂപ വീതം ചെലവിൽ സ്വന്തംകെട്ടിടം നിർമ്മിക്കുക.
1,666 വില്ലേജ് ഓഫീസുകളാണ് സംസ്ഥാനത്തുള്ളത്. 2016 മുതൽ 2025 വരെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 260ഉം റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി 255ഉം വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കിയിരുന്നു. റിസപ്ഷനും കാത്തിരിപ്പുകേന്ദ്രവും അടക്കം ഭിന്നശേഷി സൗഹൃദമായതും ജനങ്ങൾക്കുവേണ്ട എല്ലാ സൗകര്യങ്ങളുമുള്ളതുമാകും പുതിയ കെട്ടിടങ്ങൾ.
പുതിയ കെട്ടിട നിർമ്മാണത്തിന് പുറമേ, സംസ്ഥാനത്തെ 111 വില്ലേജ് ഓഫീസുകൾ, കളക്ടർമാരുടെയും സബ് കളക്ടർമാരുടെയും ഔദ്യോഗിക വസതികൾ, സിവിൽ സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ, ആർ.ഡി.ഒ ഓഫീസ്, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ ചുറ്റുമതിൽ, ടോയ്ലെറ്റുകൾ, റെക്കാഡ് റൂം, കോൺഫറൻസ് ഹാളുകൾ, എന്നിവയുടെ നിർമ്മാണം, സോളാർ പാനൽ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളും നടത്തും.
പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ
തിരുവനന്തപുരം........................2
കൊല്ലം..........................................4
പത്തനംതിട്ട.................................1
ആലപ്പുഴ.......................................2
കോട്ടയം........................................2
ഇടുക്കി..........................................2
എറണാകുളം................................1
തൃശൂർ..........................................3
പാലക്കാട്......................................1
മലപ്പുറം.........................................4
കോഴിക്കോട്.................................3
കണ്ണൂർ..........................................4
കാസർകോഡ്.............................3
ആകെ..........................................32
വില്ലേജ് ഓഫീസുകളുൾപ്പെടെ റവന്യു ഓഫീസുകൾ പൊതുജന സൗഹൃദമാക്കുകയാണ് ലക്ഷ്യം. നിർമ്മാണ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.
-ഡയറക്ടറേറ്റ്,
ലാൻഡ് റവന്യു വകുപ്പ്