കായംകുളം: കായംകുളം സസ്യമാർക്കറ്റിൽ കരിപ്പുഴ തോടിന് കുറുകെയുള്ള പഴക്കം ചെന്നതും ഇടുങ്ങിയതുമായ കായംകുളം മാർക്കറ്റ് പാലം പൊളിച്ച് പണിയും. ഇതിന്റെ നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചതായി യു പ്രതിഭ എം.എൽ.എ അറിയിച്ചു. ഇതോടെ കായംകുളത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും.
6.45 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചത്.
കരിപ്പുഴ തോടിന് കുറുകെ ഒരു സ്പാനോട് കൂടി 20 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാതയോട് കൂടി 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും നിർമ്മാണത്തിനായി 5 ആർസ് സ്ഥലം ഏറ്റെടുക്കണം. അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തി കല്ലുകൾ സ്ഥാപിച്ച് അലൈൻമെന്റ് സ്കെച്ച് തുടർനടപടികൾക്കായി സമർപ്പിച്ച് സംയുക്ത പരിശോധന നടത്തി റവന്യൂ നടപടികൾക്കായുള്ള കണ്ടിജൻസി ചാർജ് അടച്ചു.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗത്തിൽ പ്രവൃത്തി ടെൻഡർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർമ്മാണ ച്ചുമതല.