ആലപ്പുഴ: കളഞ്ഞുകിട്ടിയ വിവാഹ മോതിരം സ്കൂൾ വിദ്യാർത്ഥി ഉടമസ്ഥന് കൈമാറി. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ 11-ാം മൈൽ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ബുധനാഴ്ചയാണ് മുഹമ്മ മദർ തെരേസാ ഹൈസ്കുളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയായ ചേർത്തല പുത്തൻ പുരയ്ക്കൽ ഷോണിന് 6 ഗ്രാം തൂക്കം വരുന്ന വിവാഹമോതിരം കളഞ്ഞുകിട്ടിയത്. ഷോണും ഓട്ടോ ഡ്രൈവർമാരും ചേർന്ന് മോതിരം മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഉടമയായ മായിത്തറ ശ്യാം നിവാസിൽ ശ്യാംകുമാറിനെ ജനമൈത്രി പൊലീസിന്റെ സഹായത്താൽ കണ്ടെത്തി എസ്.ഐ അജികുമാറിന്റെ സാന്നിദ്ധ്യത്തിൽ മോതിരം കൈമാറി.