ആലപ്പുഴ : ആറ് മുറിച്ചുകടക്കവേ കാറ്റിലും മഴയിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ചെറുതന ഒന്നാം വാർഡിലെ ആറംഗ നെൽ കർഷക കുടുംബത്തെ നെൽകർഷക സംരക്ഷണ സമിതി ആദരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു
നെൽ കർഷകനായ പഴയമഠം ബിനുവും കുടുംബവും
അപകടത്തിൽപ്പെട്ടത്. ബിനുവിന്റെ മൂത്തമകൻ എട്ടാം ക്ലാസുകാരനായ ബെന്നിന്റെ ആത്മധൈര്യം സ്വയം രക്ഷപ്പെടുന്നതിനൊപ്പം
രണ്ട് സഹോദരങ്ങളെ രക്ഷിക്കാനും ഇടയാക്കി.
സഞ്ചാരയോഗ്യമായ വഴിയുടെ അഭാവത്താൽ വളളമായിരുന്നു ബിനുവിന്റെയും കുടുംബത്തിന്റെയും ആശ്രയം. ബിനുവും ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുംബം വള്ളം മറിഞ്ഞ് നിറഞ്ഞൊഴുകുന്ന ആറിന്റെ നടുവിൽ മുങ്ങിത്താണപ്പോൾ, ഭയം തോന്നിയില്ലെന്നും, സഹോദരങ്ങളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ബെൻ പറഞ്ഞു. സാരി ഉടുത്തിരുന്ന ബിനുവിന്റെ ഭാര്യയെയും, ഏറ്റവും ഇളയ മകനെയും രക്ഷപ്പെടുത്താൻ ബിനു നന്നേ പ്രയാസപ്പെട്ടു. ഒഴുകിവന്ന മുളങ്കുറ്റിയിൽ പിടിച്ചുനിന്ന് അവശനിലയിലായിരുന്ന ബിനുവിനെ നാട്ടുകാരാണ് രക്ഷിച്ചത്.
ബെന്നിന് രാഷ്ട്രപതിയുടെ അവാർഡ് ലഭ്യമാക്കാൻ കൃഷി മന്ത്രി ഇടപെടണമെന്ന് നെൽ കർഷക സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.സമിതി
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റോയി ഊരാംവേലി, വിശ്വനാഥപിള്ള ഹരിപ്പാട്, മനോജ് .ജെ, സോണിച്ചൻ പുളുങ്കുന്ന് തുടങ്ങിയവർ വീട് സന്ദർശിച്ചു.