ambala

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെയും സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിനെയും ബന്ധിപ്പിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന ഹൃദ്രോഗം, ന്യൂറോ, തുടങ്ങിയ വിഭാഗങ്ങളിലെ രോഗികളെ പരിശോധിച്ച ശേഷം ആംബുലൻസിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് എത്തിക്കേണ്ട റോഡാണ് താറുമാറായി കിടക്കുന്നത്.

സൂപ്പർ സ്പെഷ്യാലിറ്റിയിലെ രോഗികളും കൂട്ടിരിപ്പുകാരും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിലേക്ക് കാൽനടയായി എത്തേണ്ടതും പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലെ വെള്ളക്കെട്ടിലൂടെയാണ് . ആശുപത്രിയിലെ എ ബ്ലോക്കിന് സമീപമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് വെള്ളക്കെട്ടായി മാറിയത്.

ആംബുലൻസുകൾ കടന്നുവരുന്ന വഴി

 ദേശീയ പാതയിലെ മുഖ്യ കവാടത്തിൽ നിന്നുമുള്ള ആദ്യത്തെ റോഡാണ് തകർന്നുകിടക്കുന്നത്

 ഇവിടെ എത്തിയിട്ടാണ് ജെ. ബ്ലോക്കിലേക്കും, ഒ.പി കൗണ്ടറിലേക്കും പോകേണ്ടത്

 എ ബ്ലോക്കിലെ കുട്ടികളുടെ ഒ.പി ,അത്യാഹിത വിഭാഗം 1മുതൽ 5 വരെയുള്ള വാർഡുകളിലേക്കും പോകേണ്ട വഴിയാണ്

 നിലമോശമായ രോഗികളെ ആംബുലൻസിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ സൂപ്പർ സ്പെഷ്യാലിറ്റിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് കൊണ്ടുവരുന്ന റോഡാണിത്

 ക്യാൻസർ , മാനസികരോഗ വിഭാഗം വാർഡ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഓൾഡ് ബ്ലോക്കിലേക്ക് പോകാനും വരാനും ഉള്ള പ്രധാനറോഡുമാണ്

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്തെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പല സ്ഥലത്തും മലിനജലം കെട്ടിക്കിടക്കുന്നു. വളരെ പ്രയാസപ്പെട്ടാണ് രോഗിയുമായെത്തുന്ന വാഹനങ്ങൾ അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്നത് . എത്രയും വേഗം റോഡുകൾ അറ്റകുറ്റപ്പണി നടത്തണം

- യു.എം.കബീർ, സാമൂഹ്യ പ്രവർത്തകൻ