news

ആലപ്പുഴ; മൃഗങ്ങളുടെ അഴുകിയ ശരീരമടക്കം അടിഞ്ഞ് ദുർഗന്ധം വമിച്ചിരുന്ന പഴവീട് - പാലസ് വാർഡുകളെ ബന്ധിപ്പിക്കുന്ന കാവിത്തോട് വൃത്തിയാക്കി. മാലിന്യം നിറഞ്ഞ കാവിത്തോടിനെ കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നഗരസഭാ അധികൃതർ ജെ.സി.ബി അടക്കമുള്ള സംവിധാനങ്ങളെത്തിച്ചാണ് തോടി വൃത്തിയാക്കിയത്.

നിരവധി ശുചീകരണ തൊഴിലാളികളെയും പ്രദേശത്ത് നിയോഗിച്ചിരുന്നു. ചെയർ പേഴ്സൺ കെ.കെ.ജയമ്മ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എ.എസ്.കവിത എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. പ്രദേശത്തെ മാരകരോഗ ബാധിതരടക്കം ദുർഗന്ധം മൂലം വലയുന്ന സ്ഥിതിയായിരുന്നു. ഇഴ‌ജന്തുക്കളുടെയും, രോഗം പരത്തുന്ന പ്രാണികളുടെയും കേന്ദ്രമായും തോട് മാറിയിരുന്നു. കേവലം ശുചീകരണത്തിലൊതുങ്ങാതെ കൃത്യമായ ഇടവേളകളിൽ പരിശോധനയും തുടർനടപടികളും നഗരസഭ കൈക്കൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം. ആഴം കൂട്ടി നീരൊഴുക്ക് വർദ്ധിപ്പിച്ചാൽ പ്രശ്നം വലിയൊരളവിൽ പരിഹരിക്കപ്പെടും.

നാളുകളായി നേരിടുന്ന ദുരിതത്തിന് പരിഹാരമുണ്ടായതിൽ വലിയ ആശ്വാസമുണ്ട്. ഇനി മാലിന്യ നിക്ഷേപം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൂടി നഗരസഭ കൈക്കൊള്ളണം

-അത്തിത്തറ റെസിഡൻസ് അസോസിയേഷൻ