ആലപ്പുഴ: കുഞ്ഞുങ്ങൾ അതിക്രമത്തിനിരയാകുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അങ്കണവാടികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള വനിതാശിശു വികസന വകുപ്പിന്റെ അംഗീകാരം ലഭിച്ച പദ്ധതി യാഥാർത്ഥ്യമാകുന്നില്ല. ക്യാമറ സ്ഥാപിച്ച് രക്ഷിതാക്കളുടെ മൊബൈൽഫോണുമായി ബന്ധിപ്പിക്കുന്നതിന് 2023-ൽ സാമൂഹിക പ്രവർത്തകനായ ചന്ദ്രദാസ് കേശവപ്പിള്ള സാമൂഹിക നീതിവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം സമർപ്പിച്ചിരുന്നു. ഇത് വനിതാ വികസന വകുപ്പ് ശുപാർശ ചെയ്തു പദ്ധതി നടപ്പിൽ വരുത്തുന്നതിന് വേണ്ടി ഫയൽ തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയെങ്കിലും തുടർനടപടിയുണ്ടായില്ല.
പദ്ധതിക്കുള്ള ഫണ്ട് തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണമെന്നായിരുന്നു നിർദ്ദേശം. അങ്കണവാടികൾക്ക് പുറമേ പ്രീ കെ.ജി ക്ലാസുകൾ ഉൾപ്പെടുന്ന കിഡ്സ് സെന്ററുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വിഷയം ചൂണ്ടിക്കാട്ടിസാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയ്ക്ക് വീണ്ടും പ്രൊപ്പോസൽ നൽകിയിട്ടും തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് കത്തയച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം നേമത്ത് രണ്ടര വയസ്സുകാരിയുടെ കരണത്തടിച്ച സംഭവമടക്കമുണ്ടായിരുന്നു.
മുഖത്ത് അദ്ധ്യാപികയുടെ വിരൽപ്പാടുകൾ പതിഞ്ഞിരുന്നു. കഴിഞ്ഞവർഷം എറണാകുളം പാലാരിവട്ടത്തെ ഡേ കെയറിൽ ഒന്നര വയസുള്ള കുട്ടിയെ സ്ഥാപന ഉടമയായ സ്ത്രീ മർദ്ദിച്ചതടക്കമുള്ള സംഭവങ്ങൾ വിവാദമായിരുന്നു. തങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണെന്ന ബോദ്ധ്യമുണ്ടെങ്കിൽ കുട്ടികളോട് മോശമായി പെരുമാറാൻ ആരും മുതിരില്ലെന്ന് രക്ഷിതാക്കളും പറയുന്നു.
തദ്ദേശ സ്ഥാപനങ്ങൾ മനസ് വയ്ക്കണം
അങ്കണവാടികൾ ക്യാമറാ നിരീക്ഷണത്തിലാക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകും
അമിതഫീസ് നൽകി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് മാറ്റംവരുമെന്ന് വനിതാശിശുവികസന വകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്
തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടുപയോഗിച്ച് പദ്ധതി നടപ്പാക്കാൻ കഴിയും
അതിനു കഴിയാത്ത ഇടങ്ങളിൽ അമ്പത് ശതമാനം തുക വനിതാ- ശിശു വകിസന വകുപ്പിൽനിന്ന് അനുവദിച്ചാലും പദ്ധതി നടപ്പാക്കാനാകും
നിർദ്ദേശം വിവിധ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് പറയുമ്പോഴും സാമ്പത്തിക പ്രതിസന്ധി വിലങ്ങുതടിയാവുകയാണ്
മാതൃകയായി മാവേലിക്കര
അങ്കണവാടികളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കേണ്ടതിന്റെ ഗൗരവം മനസ്സിലാക്കിയ മാവേലിക്കര എം.എൽ.എ സ്വന്തം മണ്ഡലത്തിലെ എല്ലാ അങ്കണവാടികളിലും സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു രക്ഷിതാക്കളുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.
സംസ്ഥാനത്തെ അങ്കണവാടികൾ: 33210
ആലപ്പുഴ ജില്ലയിൽ : 2150
ക്യാമറ സംവിധാനമുള്ള ഡേ കെയറുകളെ ആശ്രയിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തവരാണ് ഭൂരിഭാഗം രക്ഷിതാക്കളും. ആവർത്തിക്കുന്ന അനിഷ്ട സംഭവങ്ങൾ പേടിയുണ്ടാക്കുന്നു. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ അധികൃതർ മുൻകൈയെടുക്കണം
- ആശ, രക്ഷിതാവ്