a

മാവേലിക്കര : ഗാന്ധി ജയന്തിദിനത്തിൽ വീണ്ടും മഹാത്മ ഗാന്ധിയുടെ വേഷമണിഞ്ഞ് ഒറ്റയാൾ സമര നായകൻ മാവേലിക്കര സുദർശനൻ. പൊതു ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കാൻ സുദർശനൻ പലപ്പോഴും കൂട്ടുപിടിക്കുന്നത് ഗാന്ധിജിയുടെ വേഷത്തെയാണ്. എല്ലാ ഗാന്ധി ജയന്തി ദിനത്തിലും രക്തസാക്ഷിത്വ ദിനത്തിലും സ്വാതന്ത്യദിനത്തിലും ഗാന്ധിവേഷം അണിയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ഗാന്ധി വേഷംകെട്ടിയിട്ടുള്ളത് താനാണെന്നാണ് സുദർശനന്റെ അവകാശവാദം.

സെക്രട്ടേറിയറ്റ് മുതൽ കളക്ടറേറ്റിലും മിനി സിവിൽ സ്റ്റേഷനിലും പ്രധാന തെരുവുകളിലും എല്ലാം സാധാരണക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി ഗാന്ധിവേഷം ധരിച്ച് സമരം നടത്തുന്നതാണ് സുദർശനന്റെ രീതി. ഭീകരവാദത്തിനെതിരെ ഗാന്ധി വേഷത്തിൽ പദയാത്രയും നടത്തിയിട്ടുണ്ട്. എന്നാൽ ഒരു സംഘടനക്കും വേണ്ടി കൂലിയ്ക്ക് ഈ വേഷം കെട്ടാറില്ല. മരണം വരെ ഗാന്ധിവേഷം കെട്ടണമെന്നാണ് സുദർശനന്റെ ആഗ്രഹം.

അഴിമതിക്കെതിരെയും രാഷ്ട്രീയ അക്രമങ്ങൾക്കും കൊലപാതങ്ങൾക്കുമെതിരെയും സുദർശനൻ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങാറുണ്ട്. ഇതിന് അനുമോദനങ്ങളോടൊപ്പം ഭീഷണിയും തല്ലുംകിട്ടിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സുദർശനൻ പറയുന്നു. 2007ൽ 25 അസാധാരണ ഇന്ത്യക്കാരിൽ ഒരാൾ എന്ന അംഗീകാരം ദി ഇംഗ്ലീഷ് മാസിക സുദർശനന് നൽകിയിരുന്നു.